ഒറ്റയ്ക്ക് വന്നുപോകാനറിയാം, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്:  അതൃപ്തി വ്യക്തമാക്കി പ്രിയങ്ക ഗാന്ധി,ഇനി ആവര്‍ത്തിച്ചാല്‍ മണ്ഡല സന്ദര്‍ശന വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കില്ല

 
priyanka gandhi

വയനാട്: മണ്ഡല സന്ദര്‍ശനത്തിനിടയിലെ അമിതമായ സുരക്ഷാ സന്നാഹങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. കൂടെയുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലാണ് എംപിയെ ചൊടിപ്പിച്ചത്. 

ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാകുന്നത് തനിക്ക് താല്‍പര്യമില്ലെന്നും, ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിച്ചാല്‍ മണ്ഡല സന്ദര്‍ശന വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കില്ലെന്നും എംപി മുന്നറിയിപ്പ് നല്‍കി.

തനിക്ക് ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്നും ഒറ്റയ്ക്ക് വന്നുപോകാന്‍ അറിയാമെന്നും പ്രിയങ്ക വ്യക്തമാക്കി. വലിയ സുരക്ഷാ വ്യൂഹം കൂടെയുള്ളത് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മലവെള്ളപ്പാച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട സജിതയുടെ നിലമ്പൂര്‍ മുണ്ടേരിയിലെ വീട് സന്ദര്‍ശിക്കുന്നതിനിടയിലാണ് പ്രിയങ്ക ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് അതൃപ്തി പരസ്യമാക്കിയത്.

ദുരന്തത്തില്‍ മരിച്ച സജിതയുടെ വീട് പുനര്‍നിര്‍മിക്കാനുള്ള പൂര്‍ണ സഹായം നല്‍കുമെന്നും, പ്രദേശവാസികള്‍ നേരിടുന്ന രൂക്ഷമായ മൊബൈല്‍ നെറ്റ്വര്‍ക്ക് സിഗ്‌നല്‍ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്നും പ്രിയങ്ക ഗാന്ധി ഉറപ്പുനല്‍കി.

 കൂടാതെ, തൊഴിലുറപ്പ് പോര്‍ട്ടല്‍ നേരിടുന്ന തടസങ്ങള്‍ പരിഹരിക്കുന്നതിനും, പ്രദേശത്തെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുമായി വരും ദിവസങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web