പ്രിയദർശിനി സൗജന്യയാത്ര, ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് മേയർ പി. ഇന്ദിര, മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി

 
333

കണ്ണൂർ: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സൗജന്യയാത്രയുടെ ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ തന്നെ അവഗണിച്ചുവെന്നാരോപിച്ച് കണ്ണൂർ മേയർ പി. ഇന്ദിര രംഗത്ത്. പരിപാടിയിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി മേയർ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണിനും പരാതി നൽകി.

സ്ത്രീകൾക്കായി സർക്കാർ ആവിഷ്കരിച്ച അഭിമാനകരമായ പദ്ധതിയുടെ ഉദ്ഘാടനത്തിന്, ഒരു വനിതാ മേയറായ തന്നെ പരിഗണിക്കാത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് മേയർ ആക്ഷേപിക്കുന്നത്. കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനനാണ് മുഖ്യാതിഥിയായത്. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിഷ ദീപക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

താൻ പരിപാടി ബഹിഷ്കരിച്ചതല്ലെന്നും, ഔദ്യോഗിക ക്ഷണം ലഭിക്കാത്തതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നും പി. ഇന്ദിര വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി അർഹിക്കുന്ന പരിഗണന നിഷേധിച്ചതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web