പ്രിയദർശിനി പദ്ധതിക്ക് വൻ സ്വീകാര്യത; കെ.എസ്.ആർ.ടി.സി ഓർഡിനറി യാത്രക്കാർ 50.10% വർധിച്ചു. 3.83 കോടിയിൽ നിന്ന് യാത്രകൾ 5.75 കോടിയായി; 30 ദിവസത്തിൽ സൗജന്യ യാത്ര 3.81 കോടി
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്.
2025 ജൂൺ 15 മുതൽ ജൂലൈ 14 വരെ ഓർഡിനറി യാത്രകൾ 3.83 കോടി ആയിരുന്നത് പദ്ധതി നടപ്പാക്കിയ ശേഷമുള്ള സമാന കാലയളവിൽ (2026 ജൂൺ 15 - ജൂലൈ 14) 5.75 കോടിയായി ഉയർന്നു. ആകെ നടത്തിയ യാത്രകളുടെയോ ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെയോ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കെന്ന് കെ. പദ്മകുമാർ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2026ലെ പഠന കാലയളവിൽ രേഖപ്പെടുത്തിയ ആകെ ഓർഡിനറി യാത്രകളിൽ 3.81 കോടിയും (ഏകദേശം 66.24 ശതമാനം) പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്രകളാണ്. ശേഷിക്കുന്ന 1.94 കോടി യാത്രകൾ (33.76 ശതമാനം) സാധാരണ ടിക്കറ്റ് നൽകിയുള്ളതും. 30 ദിവസത്തെ ഈ സൗജന്യ യാത്രകളുടെ ആകെ അനുമാന ടിക്കറ്റ് മൂല്യം ഏകദേശം 81.29 കോടി രൂപയാണ്.
ഒരു സൗജന്യ യാത്രയുടെ ശരാശരി മൂല്യം 21.33 രൂപയായാണ് കണക്കാക്കുന്നത്. ഏറ്റവും കുറഞ്ഞ ശരാശരി മൂല്യം രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ് (17.53 രൂപ). ഏറ്റവും ഉയർന്ന ശരാശരി മൂല്യം രേഖപ്പെടുത്തിയത് മലപ്പുറത്തും (31.80 രൂപ). ഉയർന്ന ശരാശരി മൂല്യം കാണിക്കുന്നത് കൂടുതൽ ദൂരത്തേക്ക് യാത്ര ചെയ്തു എന്നതാണ്.
ഓർഡിനറി യാത്രക്കാരുടെ എണ്ണം 50.10 ശതമാനം വർധിച്ചെങ്കിലും അതിനനുസരിച്ച് കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയ ദൂരത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. 2025ലെ സമാന കാലയളവിൽ ഓർഡിനറി സർവിസ് കിലോമീറ്ററുകൾ 1.82 കോടി (1,82,84,055.5) കിലോമീറ്റർ ആയിരുന്ന സ്ഥാനത്ത് 2026ൽ ഇത് 1.95 കോടിയായി (1,95,36,547.50) മാത്രമാണ് ഉയർന്നത്.