പ്രിയദര്‍ശിനി യാത്രക്കാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. കെഎസ്ആര്‍ടിസി ചലോ ആപ്പില്‍ പുതിയ ഫീഡ്ബാക്ക് സംവിധാനം

 
ksrtc yathra

 പ്രിയദര്‍ശിനി യാത്രക്കാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. കെഎസ്ആര്‍ടിസി ചലോ ആപ്പില്‍ പുതിയ ഫീഡ്ബാക്ക് സംവിധാനം

 
തിരുവനന്തപുരം: പ്രിയദര്‍ശിനി യാത്രക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അധികൃതര്‍ കെഎസ്ആര്‍ടിസി ചലോ മൊബൈല്‍ ആപ്പില്‍ പുതിയ ഫീഡ്ബാക്ക്/റേറ്റിങ് സംവിധാനം ആരംഭിച്ചു.

യാത്രക്കാര്‍ പങ്കുവെക്കുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് കെഎസ്ആര്‍ടിസി ഇതിലൂടെ ലക്ഷ്യമിടുന്നത്. 

യാത്രയുടെ സുരക്ഷ, സമയനിഷ്ഠ, ബസിലെ സൗകര്യങ്ങള്‍, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, യാത്രാസൗകര്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ക്ക് ആപ്പില്‍ റേറ്റിങ് നല്‍കാനാകും.

ഇതോടൊപ്പം യാത്രക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താം. ഇത്തരത്തില്‍ ലഭിക്കുന്ന ഫീഡ്ബാക്കുകള്‍ ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ ശേഖരിച്ച ശേഷം കെഎസ്ആര്‍ടിസി വിശകലനം ചെയ്യും.

ഓരോ സര്‍വീസിന്റെയും പ്രകടനം, ജീവനക്കാരുടെ സേവന മികവ്, യാത്രക്കാരുടെ സംതൃപ്തി എന്നിവ വിലയിരുത്തുന്നതിനും മികച്ച സേവനം നല്‍കുന്ന ജീവനക്കാരെയും സര്‍വീസുകളെയും തിരിച്ചറിയുന്നതിനും ഈ വിവരങ്ങള്‍ സഹായിക്കും.

അതോടൊപ്പം, യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്ന പോരായ്മകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും സേവന നിലവാരം ഉയര്‍ത്തുന്നതിനും പുതിയ സംവിധാനം സഹായകരമാകും. എല്ലാ യാത്രക്കാരും കെഎസ്ആര്‍ടിസി ചലോ ആപ്പിലെ ഫീഡ്ബാക്ക് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രിയദര്‍ശിനി സൗജന്യയാത്ര പ്രാബല്യത്തില്‍ വന്നതോടെ കെഎസ്ആര്‍ടിസി ബസുകളില്‍ വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ വനിതാ യാത്രക്കാരുടെ സുരക്ഷ, സൗകര്യം, സംതൃപ്തി എന്നിവ പ്രത്യേകം വിലയിരുത്തുന്നതിനും അവരുടെ യാത്രാനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ സംവിധാനം ഉപയോഗപ്പെടുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.

Tags

Share this story

From Around the Web