പ്രിയദർശിനിക്ക് തുടരാം; പദ്ധതിക്കെതിരായ ഹർജി തള്ളി ഹൈക്കോടതി
Jun 22, 2026, 11:06 IST
കൊച്ചി: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി തുടരാമെന്ന് ഹൈക്കോടതി. പദ്ധതിക്കെതിരെ എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് അഡ്വ. ഷമീം അഹമ്മദ് മുഖേന നൽകിയ ഹർജി കോടതി തള്ളി. പദ്ധതി ഭരണഘടനാ വിരുദ്ധമല്ലെന്നും സർക്കാരിൻ്റെ നയപരമായ തീരുമാനത്തിൻ്റെ ഭാഗമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ലിംഗഭേദം മാത്രം മാനദണ്ഡമാക്കിയുള്ള പദ്ധതി ഭരണഘനടാ വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ കോടതിയെ അറിയിച്ചത്. വരുമാന പരിധിയോ താമസ യോഗ്യതയോ ഒരു നിർദ്ദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെയാണ് ആനുകൂല്യം നൽകുന്നത്. ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ, തുച്ഛമായ ദിവസ വേതനക്കാരനായ പുരുഷൻ ടിക്കറ്റ് നൽകേണ്ടി വരുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.