സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ; ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം
തിരുവനന്തപുരം: വരുമാനത്തിൽ വലിയ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. സർവീസുകൾ ലാഭകരമല്ലാത്ത സാഹചര്യത്തിൽ ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ തീരുമാനിച്ചു.
കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന സൗജന്യ യാത്രാ ആനുകൂല്യങ്ങളും മറ്റും സ്വകാര്യ ബസുകളുടെ ദൈനംദിന കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. വരുമാനം കുത്തനെ കുറഞ്ഞതോടെ അതിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്നത് ജീവനക്കാരാണ്. പാലക്കാട് ഉൾപ്പെടെയുള്ള പലയിടങ്ങളിലും ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും വേതനം ഗണ്യമായി വെട്ടിക്കുറച്ചു.
നേരത്തെ 1200 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പലർക്കും 600 രൂപ മാത്രമാണ് ദിവസവേതനമായി ലഭിക്കുന്നത്. ഈ സാമ്പത്തിക പ്രതിസന്ധിക്കെതിരെ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സ്വകാര്യ ബസ് ഉടമകളുടെ ആശങ്ക സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് മന്ത്രി സി.പി. ജോൺ നിയമസഭയിൽ പറഞ്ഞു. ബസുടമകൾക്ക് ആശ്വാസമായി ഇതിനോടകം നികുതിയിൽ 59 ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എസ്.ആർ.ടി.സിക്ക് സമാനമായി ബസുകളിൽ പരസ്യം പതിച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള സാധ്യതകൾ ഉടമകൾ പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
സർവീസുകൾ നിർത്തിവെക്കാതെ ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് അറിയിച്ച മന്ത്രി, കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുമായി മത്സരിക്കാതെ സമയക്രമീകരണത്തിൽ മാറ്റം വരുത്തുന്നത് പരിഹാരമാകുമെന്നും കൂട്ടിച്ചേർത്തു