പ്രിയദര്‍ശിനി പദ്ധതിക്കെതിരെ വീണ്ടും സ്വകാര്യ ബസുടമകള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരസമരം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭം കടുപ്പിക്കുന്നു. പദ്ധതി മൂലം പ്രതിസന്ധി നേരിടുന്ന തങ്ങളുടെ വ്യവസായത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ബസുടമകള്‍ ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുകയാണ്. വിദ്യാര്‍ഥി കണ്സെഷന് വര്‍ധിപ്പിക്കുക, ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.
രാവിലെ പത്ത് മണി മുതലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. ഒരോ ദിവസവും രണ്ടുപേര്‍ വെച്ച് നിരാഹാരമിരിക്കും. നിലവില്‍ സര്‍വീസ് നിര്‍ത്തിവെച്ചുള്ള സമരത്തിലേക്ക് ബസുടമകള്‍ പോകുന്നില്ല. തങ്ങള്‍ക്ക് അനുകൂലമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കില്‍ മാത്രമേ പണിമുടക്കിലേക്ക് കടക്കൂവെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്.
പ്രിയദര്‍ശിനി പദ്ധതി വന്നതുമൂലം വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്നും പത്മനാഭന് കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. ഒപ്പം വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്കും സാധാരണ ടിക്കറ്റ് ചാര്‍ജും വര്‍ധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കുന്നുണ്ട്.
സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ അനുകൂലമായ നിലപാടുണ്ടാകാത്തതിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് കടക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്.