പ്രിയദര്‍ശിനി പദ്ധതിയില്‍ കഞ്ഞി കുടി മുട്ടി സ്വകാര്യ ബസുടമകള്‍; 700 ബസുകള്‍ ഓട്ടം നിര്‍ത്തി, നാളെ ഗതാഗത മന്ത്രിയുമായി ചര്‍ച്ച
തിരുവനന്തപുരം: സ്ത്രീകള്‍ക്കുള്ള 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി നൂറ് ദിവസം പിന്നിടുമ്പോള്‍, തങ്ങളുടെ ജീവിതം വഴിമുട്ടിയെന്ന പരാതിയുമായി സ്വകാര്യ ബസുടമകള്‍. പദ്ധതിയുടെ പ്രത്യാഘാതം കാരണം 700-ഓളം സ്വകാര്യ ബസുകള്‍ ഇതിനകം ഓട്ടം നിര്‍ത്തിവെച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന 11,000 ബസുകളില്‍ പകുതിയിലധികവും പൂര്‍ണ്ണമായി ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പലരും ജോലിക്ക് എത്തുന്നില്ലെന്നും ഇത് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമാകുന്നുണ്ടെന്നും ബസുടമകള്‍ വ്യക്തമാക്കുന്നു. യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബര്‍ 23 നാളെ ഗതാഗത മന്ത്രിയെ കാണാന്‍ ബസുടമകള്‍ തീരുമാനിച്ചിട്ടുണ്ട്.
പത്മകുമാര്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമല്ലെന്നും, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ച് സമരത്തിലേക്ക് കടക്കുമെന്നും ബസുടമകളുടെ പ്രതിനിധി ഗോപിനാഥന്‍ മുന്നറിയിപ്പ് നല്‍കി.