ഇറാനിലെ ജയിലുകളിൽ തടവുകാർ നേരിടുന്നത് വിവരിക്കാനാകുന്നതിലധികം പീഡനങ്ങളാണെന്ന്  'ക്രിസ്ത്യൻ ആക്ടിവിസ്റ്റ് ഫോർ എ ഫ്രീ ഇറാൻ'.

 
 cross-2

ഇറാനിലെ ജയിലുകളിൽ തടവുകാർ നേരിടുന്നത് വിവരിക്കാനാകുന്നതിലധികം പീഡനങ്ങളാണെന്ന് മനുഷ്യാവകാശ സംഘടനയായ 'ക്രിസ്ത്യൻ ആക്ടിവിസ്റ്റ് ഫോർ എ ഫ്രീ ഇറാൻ'. ജയിലുകളിലെ ഭയാനകമായ സാഹചര്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിനും മനുഷ്യാവകാശ സംഘടനകൾക്കും അയച്ച കത്തിലാണ് സംഘടന ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. 

സംഘടനയുടെ ഡയറക്ടറും ലണ്ടനിലെ അഭിഭാഷകയുമായ അതീഹ് ഫർദ് അയച്ച കത്തിൽ തടവുകാർ നേരിടുന്ന പീഡനങ്ങളെ അക്കമിട്ട് നിരത്തുന്നു:  ചാട്ടവാറടി, ശരീരം പൊള്ളിക്കൽ, എല്ലുകൾ ഒടിക്കൽ, ബലാത്സംഗം തുടങ്ങിയ ക്രൂരമുറകൾ തടവുകാർക്ക് നേരെ പ്രയോഗിക്കുന്നു. സ്ത്രീകളുടെ ഗർഭപാത്രം നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ഭീകരമായ പീഡനമുറകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത 15 വയസ്സുകാരെപ്പോലും 'യുദ്ധത്തടവുകാർ' എന്ന് മുദ്രകുത്തിയാണ് ഭരണകൂടം തടവിലിട്ടിരിക്കുന്നത്. തടവുകാരെ നിർബന്ധിതമായി ലഹരിമരുന്ന് കഴിപ്പിക്കുകയും മാനസികനില തകർക്കുന്ന രീതിയിലുള്ള മരുന്നുകൾ നൽകി പീഡിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. രാഷ്ട്രീയ തടവുകാരെയും മതവിശ്വാസത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടവരെയും കൊടുംകുറ്റവാളികൾക്കൊപ്പം ഒരേ വാർഡുകളിൽ താമസിപ്പിക്കുന്നത് അവരുടെ സുരക്ഷയെ ബാധിക്കുന്നു.

സമാധാനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും സ്വന്തം മത-രാഷ്ട്രീയ വിശ്വാസങ്ങൾ മുറുകെ പിടിക്കുന്നവരെയും ഭരണകൂടം വധശിക്ഷയ്ക്ക് വിധിക്കുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മതിയായ ചികിത്സാ സൗകര്യങ്ങൾ നിഷേധിക്കുന്നത് പലരുടെയും ആരോഗ്യനില വഷളാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് അതീഹ് ഫർദ് മുന്നറിയിപ്പ് നൽകി.


"ജയിലറയ്ക്കുള്ളിൽ കഴിയുന്ന നിരപരാധികളുടെ ശബ്ദമാകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ലോകം അവരെ മറന്നുപോകരുത്. സമയബന്ധിതമായ ഇടപെടൽ അനേകം ജീവനുകൾ രക്ഷിക്കാൻ സഹായിക്കും," സംഘടന വ്യക്തമാക്കി. 

വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട നേതാക്കൾ, അഭിഭാഷകർ, ക്രിസ്ത്യൻ മിഷനിമാർ  എന്നിവരടങ്ങുന്ന കൂട്ടായിമയാണ്   'ക്രിസ്ത്യൻ ആക്ടിവിസ്റ്റ് ഫോർ എ ഫ്രീ ഇറാൻ'.

Tags

Share this story

From Around the Web