കത്തോലിക്ക വിശ്വാസം സ്വീകരിച്ച് പ്രിന്‍സ്റ്റണ്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥി; കത്തോലിക്ക സഭയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തുടരുന്നു
വത്തിക്കാന്‍: യുഎസിലെ പ്രമുഖ സര്‍വകലാശാലകളില്‍ നിന്ന് കത്തോലിക്ക വിശ്വാസത്തിലേക്കുള്ള യുവജനങ്ങളുടെ കടന്നുവരവ് തുടരുന്നു. യുഎസിലെ ഐവി ലീഗ് സര്‍വകലാശാലയായ പ്രിന്‍സ്റ്റണിലെ, തത്വശാസ്ത്ര പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ നോഹ മക്കിയാണ് ഏറ്റവും ഒടുവിലായി കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നു വരുന്ന വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ ഇടം പിടിച്ചത്.
പ്രിന്‍സ്റ്റണിലെ തന്നെ വിദ്യാര്‍ത്ഥിയും പ്രമുഖ യൂട്യൂബറും ആജ്ഞേയവാദിയുമായിരുന്ന ജോ ഷ്മിഡിന്റെ കത്തോലിക്ക വിശ്വാസത്തിലേക്കുള്ള കടന്നുവരവും ഏറെ ശ്രദ്ധ നേടിയിരുന്നു. 2025-26 കാലഘട്ടത്തില്‍ യുഎസ് സര്‍വകലാശാലകളില്‍ നിന്ന് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ സംഖ്യയില്‍ 115 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്.
താന്‍ ഒരിക്കലും നിരീശ്വരവാദിയായിരുന്നില്ലെന്നും എന്നാല്‍ ബൈബിളിലെ ചില സംഭവങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ സ്‌കൂള്‍ പഠനകാലഘട്ടത്തില്‍ തന്റെ വിശ്വാസ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കുകയായിരുന്നുവെന്നും പ്രൊട്ടസ്റ്റെന്റ് കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന നോഹ മക്കി പറഞ്ഞു.
ജീവന്റെ ഉത്ഭവത്തിലേക്ക് നയിച്ച സൂക്ഷ്മമായ പ്രപഞ്ചത്തിലെ ക്രമീകരണങ്ങളും സമകാലിക ക്രിസ്തീയ അത്ഭുതങ്ങളുടെ ശാസ്ത്രീയമായ അടിത്തറയുമാണ് ദൈവവിശ്വാസത്തില്‍ തന്നെ ഉറപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രപഞ്ചത്തിന്റെ സൗന്ദര്യം, ധാര്‍മിക അവബോധം എന്നിവയും ദൈവത്തിന്റെ മഹത്വം തിരിച്ചറിയാന്‍ അദ്ദേഹത്തെ സഹായിച്ചു.
താത്വികമായ അറിവുകളെല്ലാം കത്തോലിക്ക വിശ്വാസത്തിന്റെ ദൈവശാസ്ത്രവും ചരിത്രവും ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 'ശരിയായ അറിവുണ്ടെങ്കില്‍, എല്ലാ തെളിവുകളും പരിഗണിക്കുകയാണെങ്കില്‍, കത്തോലിക്കാ വിശ്വാസത്തെ നിരാകരിക്കാനാവില്ല' എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. കത്തോലിക്ക വിശ്വാസത്തിലേക്കുള്ള യാത്രയില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് പ്രാര്‍ത്ഥനയെന്നും ജപമാല പ്രാര്‍ത്ഥനയാണ് കത്തോലിക്ക സഭയിലേക്കുള്ള യാത്രയില്‍ തന്ന സഹായിച്ചതെന്നുമാണ് നോഹ മക്കി പറഞ്ഞുവയ്ക്കുന്ന മറ്റൊരു കാര്യം.
ദൈവത്തെ പ്രാര്‍ത്ഥനയോടെയും തീക്ഷ്ണതയോടെയും തേടുന്നവര്‍ തീര്‍ച്ചയായും സത്യത്തിന്റെ തികവായ ക്രിസ്തുവിനെ കണ്ടെത്തുമെന്ന് നോഹ മക്കിയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.