പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കു നാളെ തുടക്കമാകും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കു നാളെ തുടക്കമാകും. എട്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ നാളെ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെത്തും.
പിന്നീട് ട്രിനിഡാഡ് അന്റ് ടൊബാഗോ, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലില്‍ എത്തും. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്സ് സംയുക്ത പ്രഖ്യാപനം എന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ടു വെച്ചിട്ടുണ്ട്.
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ കര്‍ശന നയം വേണം എന്ന നിലപാട് പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍ അറിയിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല.
ബ്രസീലില്‍ നിന്ന് മടങ്ങുമ്പോള്‍ നമീബിയയിലും മോദി സന്ദര്‍ശനം നടത്തും. 30വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആഫ്രിക്കയിലെ ഘാന സന്ദര്‍ശിക്കുന്നത്. ജൂലൈ രണ്ട്, മൂന്ന് തീയതികളിലായിരിക്കും മോദിയുടെ ഘാന സന്ദര്‍ശനം. ഘാന സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലേക്ക് പോകും.
26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്. ഇതിനുശേഷം ജൂലൈ ആറ്, ഏഴ് തീയതികളിലായിരിക്കും ബ്രസീലിലെ റിയോയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുക.
ജൂലൈ ഒമ്പതിനായിരിക്കും നമീബയിലെത്തുക. വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനത്തില്‍ പ്രധാനപ്പെട്ട ധാരണാപത്രങ്ങള്‍ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.