യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇരുകൂട്ടർക്കും സമ്മതമെങ്കിൽ യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാക്കോബായ സഭാതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുൾപ്പെടെയുള്ള സഭാ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വർഷങ്ങളായി തുടരുന്ന സഭാതർക്കം കോടതിക്ക് പുറത്ത് ചർച്ചകളിലൂടെ പരിഹരിക്കാനാണ് കേന്ദ്രസർക്കാർ താല്പര്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. അതേസമയം പ്രധാനമന്ത്രിയുടെ സമാധാന പ്രവർത്തനങ്ങളെയും ആഗോളതലത്തിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെയും പാത്രിയർക്കീസ് ബാവ പ്രശംസിച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ, ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വൻ്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.