മിസോറാമിലെ ആദ്യത്തെ റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

മിസോറാം: മിസോറാമിലെ ആദ്യത്തെ റെയിൽവേ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരാങ് റെയിൽവേ പദ്ധതിയും മൂന്ന് പുതിയ ട്രെയിനുകളുമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
സൈരംഗ്-ആനന്ദ് വിഹാർ (ഡൽഹി) രാജധാനി എക്‌സ്‌പ്രസ് (പ്രതിവാരം), കൊൽക്കത്ത-സൈരാംഗ്-കൊൽക്കത്ത എക്‌സ്‌പ്രസ് (ത്രിവാരം), ഗുവാഹത്തി-സൈരാംഗ്-ഗുവാഹത്തി എക്‌സ്‌പ്രസ് (പ്രതിദിനം) എന്നീ മൂന്ന് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
കൂടാതെ മിസോറാമിൽ 9,000 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് രാവിലെ ഐസ്വാളിലെത്തി.
എന്നാൽ, കനത്ത മഴയെത്തുടർന്ന് ലെങ്‌പുയ് വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ഐസ്വാളിലെ ലാമ്മുവൽ ഗ്രൗണ്ടിൽ എത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.