ഡല്‍ഹി കത്തീഡ്രലിലെ തിരുപിറവി ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യമെമ്പാടും സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ക്രിസ്തുമസ് ആക്രമണങ്ങള്‍ക്കിടെ ഡല്‍ഹിയിലെ റിഡംപ്ഷന്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ക്രിസ്തുമസ് ദിനമായ ഇന്നലെ രാവിലെ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ആസ്ഥാനമായ ചര്‍ച്ച് ഓഫ് റിഡംപ്ഷന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയടക്കമുള്ള തിരുക്കര്‍മ്മങ്ങളില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തു.
പ്രാര്‍ത്ഥനകള്‍, കരോള്‍ ഗാനങ്ങള്‍, സ്തുതിഗീതങ്ങള്‍, ഡല്‍ഹി ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് പ്രധാനമന്ത്രിക്കുവേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ത്ഥന എന്നിവ ചടങ്ങില്‍ ഉള്‍പ്പെട്ടിരുന്നു.
ഇതിനിടെ പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തുന്നതിന് മുമ്പായി കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന് മുന്നില്‍ ചില വിശ്വാസികള്‍ പ്രതിഷേധിച്ചു. വിഐപി സന്ദര്‍ശനത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കുള്ള ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പള്ളിക്ക് മുന്നില്‍ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം ക്രിസ്തുമസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരോള്‍ സംഘങ്ങള്‍ക്കു നേരെയും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേരെയും നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്. ഇതിനെ അപലപിച്ചു ഭാരത കത്തോലിക്ക മെത്രാന്‍ സമിതി പ്രസ്താവന പുറത്തിറക്കിയിരിന്നു.