അറസ്റ്റിലാകുന്ന വൈദികർക്ക് ജാമ്യമല്ല വേണ്ടത് ; വൈദികരും കന്യാസ്ത്രീകളും അറസ്റ്റ് ചെയ്യപ്പെടാതിരിക്കുകയാണ് വേണ്ടത്
ഡൽഹി : രാജ്യത്ത് വൈദികർ അറസ്റ്റിലാകുന്നത് തുടർക്കഥയാകുന്നു. സംസ്ഥാനങ്ങളുടെ പേര് ഛത്തീസ്ഗഢ് എന്നോ മഹാരാഷ്ട്രയെന്നോ ഉത്തർ പ്രദേശ് എന്നോ ഒഡീഷയെന്നോ വ്യത്യസ്തമായിരിക്കും . എന്നാലും ഈ സംഭവങ്ങളിലൊക്കെ പൊതുവായി ഒരു സംഭവം ഉണ്ടാകും .
മത പരിവർത്തനം നടത്താൻ ശ്രമിച്ചെന്നാരോപിച്ചാകും അറസ്റ്റ് , അത് തന്നെ വിശ്വഹിന്ദു പരിഷത്ത് , ബജ്റംഗ ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാകും അറസ്റ്റ് നടക്കുന്നതും . നിർബന്ധിത മത പരിവർത്തനം ആണെങ്കിൽ തന്നെ അവിടെ നിർബന്ധിച്ച് മതം മാറ്റപ്പെടുന്ന ആൾ വേണ്ടേ , ഇത്തരം സംഭവങ്ങളിലൊന്നും പലപ്പോഴും ഇങ്ങനെ കാണാറുമില്ല , പക്ഷേ വി. എച്ച്.പി യുടേയും ബജ്റംഗദളിൻ്റെയും ഇടപെടൽ കാണാനും കഴിയും.
ആ സംഘടനകൾ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നു. പക്ഷേ ഇതിൽ പെട്ട് പോകുന്ന മറ്റൊരു കൂട്ടരുണ്ട് , ബിജെപിക്കാർ അവർക്ക് ക്രൈസ്തവരുടെ വോട്ടും വേണം വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ ദളും അടക്കമുള്ള സംഘ പരിവാർ സംഘടനകളെ തള്ളി പറയാനും കഴിയുന്നില്ല .
മത പരിവർത്തനം നടക്കുന്നോ വൈദികരും കന്യസ്ത്രീകളും മതപരിവർത്തനം നടത്തുന്നോ എന്നൊക്കെ അന്വേഷിക്കേണ്ടത് പോലീസ് സംവിധാനമാണ്.
സഹജീവിയോട് സ്നേഹവും കരുണയും കരുതലും സഹാനുഭൂതിയും കാട്ടുന്നത് മത പരിവർത്തനമാകുമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
അറസ്റ്റിലാകുന്നവർക്ക് ജാമ്യം കിട്ടുമ്പോഴും കേസ് അവസാനിക്കുന്നില്ല , അവസാനിക്കാനും പാടില്ല , പക്ഷേ എന്തിനാണ് ഈ കേസ് എന്ന് ഭരണകൂടം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കുറ്റം ചെയ്യുന്നവർ വൈദികരായാലും കന്യാസ്ത്രീകളായാലും അറസ്റ്റ് ചെയ്യപ്പെടണമെന്നതിലും നിയമ നടപടി നേരിടുന്നതിലും എതിരഭിപ്രായമില്ല , കരുതൽ ഉണ്ടാവാൻ എല്ലാവരും ശ്രമിക്കുക എന്നല്ലാതെ ഇക്കാര്യത്തിൽ ഭരണകൂടത്തോട് എന്ത് പറയാൻ കഴിയും ?