പള്ളിപ്പെരുന്നാളിനിടെ വൈദികന്റെ ശ്രീകൃഷ്ണ ഭക്തിഗാനം; മതസൗഹാര്‍ദത്തിന്റെ മനോഹര സന്ദേശമുയര്‍ത്തി ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട്

 
franis



കോട്ടയം: മതസൗഹാര്‍ദം ഇല്ലാതാക്കി മനുഷ്യരെ തമ്മില്‍ അകറ്റാന്‍ പല കോണുകളില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍, സ്നേഹത്തിന്റെ വരികള്‍ പാടി അതിനെ പ്രതിരോധിക്കുകയാണ് ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിലെ വൈദികന്‍ ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട്. 


പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗാനമേളയിലാണ് അവിചാരിതമായി ഈ മനോഹരമായ നിമിഷം പിറന്നത്. പെരുന്നാള്‍ കാണാനെത്തിയ ഹൈന്ദവ വിശ്വാസികളുടെ സ്നേഹാഭ്യര്‍ഥന മാനിച്ചാണ് വൈദികന്‍ സ്റ്റേജില്‍ കയറി ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ചത്.

മയില്‍പ്പീലി എന്ന ആല്‍ബത്തിലെ യേശുദാസ് ആലപിച്ച 'രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ' എന്ന ഗാനമാണ് ഫാ. ഫ്രാന്‍സിസ് ആലപിച്ചത്. വളരെ ഭക്തിയോടും ആര്‍ദ്രതയോടും കൂടി അദ്ദേഹം പാടിയ ഗാനം കേള്‍വിക്കാരുടെ മനസ് നിറച്ചു.

ഗാനം ആലപിക്കാനുള്ള ആവശ്യം തനിക്ക് നിരസിക്കാന്‍ കഴിഞ്ഞില്ലെന്ന് ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട് പറയുന്നു. 

പാട്ടു പാടിത്തീര്‍ന്നയുടന്‍ അവിടെയുണ്ടായിരുന്ന വിശ്വാസികള്‍ ഓടിയെത്തി വൈദികനെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചപ്പോള്‍ സന്തോഷം കൊണ്ട് തന്റെ കണ്ണ് നിറഞ്ഞു. 

ഹൈന്ദവ സഹോദരങ്ങളുടെ ഗുരുവായൂരപ്പനോടുള്ള ഭക്തി ഒരു പാട്ടിലൂടെ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത് തനിക്കും വലിയൊരു സന്തോഷമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കോട്ടയത്തെ ഒരു ക്ഷേത്രത്തില്‍ 'നന്ദഗോവിന്ദം ഭജന്‍സ്' ക്രിസ്ത്യന്‍ ഭക്തിഗാനം പാടിയതും മതസൗഹാര്‍ദത്തിന്റെ സന്ദേശം ഉയര്‍ത്തിയിരുന്നു. 

എന്നാല്‍ അന്ന് ഇത് ചില തീവ്ര മതവാദികള്‍ വിവാദമാക്കി. 'പള്ളിയില്‍ ഹൈന്ദവഭക്തിഗാനം ആലപിക്കാന്‍ അനുവദിക്കുമോ?' എന്നാണ് അവരില്‍ പലരും അന്ന് ചോദിച്ചത്. അതിനുള്ള പരോക്ഷമായ മറുപടി കൂടിയായിരിക്കുകയാണ് ഈ സംഭവം.


വിദ്വേഷ പ്രചാരണങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് മതസൗഹാര്‍ദത്തിന്റെ സന്ദേശമായ ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ടിന്റെ ശ്രീകൃഷ്ണ ഭക്തിഗാനാലാപനം സാമൂഹികമാധ്യമങ്ങളിലും ഇതിനകം വൈറലായിരിക്കുകയാണ്.

Tags

Share this story

From Around the Web