ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന രേഖകള്‍ ഹാജരാക്കിയില്ലെന്നാരോപിച്ച് പൗരോഹിത്യ സ്വീകരണം തടഞ്ഞു

 
CATHOLIC NEWS CORDINATION



ഛത്തീസ്ഗഡ്; ഛത്തീസ്ഗഡില്‍ ക്രൈസ്തവ മതത്തിലേക്കു മാറിയതിന്റെ നിയമ സാധുത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ലെന്നാരോപിച്ച് ഗോത്രവിഭാഗക്കാരനും ഈശോസഭാംഗവുമായ ഡീക്കന്‍ ബേസില്‍ ഹദ്ദെയുടെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകുടം തടഞ്ഞു. 


ബല്‍റാംപുര്‍ ജില്ലയിലുള്ള ധന്‍വാര്‍ ഇടവകയിലായിരുന്നു പൗരോഹിത്യ സ്വീകരണം നിശ്ചയിച്ചിരുന്നത്. പൊലിസിന്റെയും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെയും അടിയന്തര ഇടപെടലിനെത്തുടര്‍ന്ന് ഒക്ടോബര്‍ 14ന് നടക്കേണ്ടിയിരുന്ന ചടങ്ങ് താത്കാലികമായി മാറ്റിവയ്ക്കാന്‍ സഭാധികാരികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

മേഖലയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഗോത്രവിഭാഗത്തില്‍നിന്ന് പൗരോഹിത്യത്തിലേക്ക് കടന്നുവരുന്ന ആദ്യവ്യക്തിയാണ് ഡീക്കന്‍ ബേസില്‍ ഹട്ടെ. 

അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ ധന്‍വാറില്‍ നടക്കാനിരുന്ന ഈ ചടങ്ങു പ്രാദേശിക ക്രൈസ്തവ സമൂഹവും ഇതരമതസ്ഥരായ ഗ്രാമവാസികളും വലിയ ആവേശത്തോടെയാണ് കാത്തിരുന്നത്. ഒരു മാസം നീണ്ട തയാറെടുപ്പുകളാണ് പൗരോഹിത്യ സ്വീകരണത്തിനായി ഗ്രാമത്തില്‍ നടന്നിരുന്നത്.

ചടങ്ങു നടക്കേണ്ടതിനു തലേന്ന് ഡീക്കന്‍ ബേസില്‍ ഹദ്ദെ ഇടവകയില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് പൊലിസും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ എത്തിയത്. മതപരിവര്‍ത്തനം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകള്‍ വേണമെന്ന് ഉദ്യോഗസ്ഥര്‍ വാദിച്ചു. മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല.

1995 ല്‍ ഛത്തീസ്ഗഡില്‍ കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം വരുന്നതിന് ഏറെ മുമ്പ്, തന്റെ കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ക്രിസ്തുമതം സ്വീകരിച്ചതാണെന്നും അന്ന് അതിന് സര്‍ക്കാരിന്റെ അനുമതി ആ വശ്യമില്ലായിരുന്നുവെന്നും ഡീക്കന്‍ ഹദ്ദെ ചൂണ്ടിക്കാട്ടി. എങ്കിലും ഉദ്യോഗസ്ഥര്‍ ഇത് അംഗീകരിക്കാന്‍ തയാറായില്ല.

ഒരു ഗോത്രവര്‍ഗക്കാരന്റെ പൗരോഹിത്യ സ്വീകരണം പ്രദേശത്ത് കൂടുതല്‍ മതപരിവര്‍ത്തനങ്ങള്‍ക്ക് വഴിവയ്ക്കുമെന്നായിരുന്നു പരാതിനല്‍കിയ ഉമേഷ്, പാത്രാസ് എന്നിവരുടെ വാദം. ചടങ്ങ് മാറ്റിവച്ചില്ലെങ്കില്‍ ഉണ്ടാകുന്ന അനിഷ്ടസംഭവ ങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും ഭരണകുടം മുന്നറിയിപ്പ് നല്‍കി.

ഭരണകുടത്തിന്റെ അനാവശ്യ ഇടപെടലില്‍ ഗ്രാമവാസികളും ഡീക്കന്റെ കുടുംബാംഗങ്ങളും വലിയ രോഷത്തിലാണ്. ജില്ലാ ആസ്ഥാനത്തേക്കു പ്രതിഷേധമാര്‍ച്ച് നടത്താന്‍ പ്രദേശവാസികള്‍ തയാറായെങ്കിലും സമാധാനം നിലനിര്‍ത്താന്‍ ഈശോസഭാ അധികാരികളും ഇടവക കൗണ്‍സിലും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായും സുരക്ഷാഭീഷണികള്‍ കണക്കിലെടുത്തും ഡീക്കന്‍ ബേസില്‍ ഹദ്ദെയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.

Tags

Share this story

From Around the Web