പൗരോഹിത്യ സേവനം കൂട്ടായ്മയുടെ ശുശ്രൂഷയാണ്: പാപ്പാ

 
Leo papa

"അവർക്കു ജീവൻ നൽകുവാനും  അത് സമൃദ്ധമായി നൽകുവാനും ഞാൻ വന്നിരിക്കുന്നു" എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കർത്താവിന്റെ വചനം ഉദ്ധരിച്ചുകൊണ്ട്, 'ജീവൻ നിറഞ്ഞ ഒരു ഞായറാഴ്ച്ചയിലാണ് നാം ആയിരിക്കുന്നതെന്ന്' എടുത്തുപറഞ്ഞുകൊണ്ടാണ്, ഏപ്രിൽ മാസം ഇരുപത്തിയാറാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ച്, നടന്ന തിരുപ്പട്ട ശുശ്രൂഷ വേളയിൽ, പാപ്പാ തന്റെ വചന സന്ദേശം ആരംഭിച്ചത്. ഒറ്റപ്പെടലിന്റെയും അടച്ചുപൂട്ടലിന്റെയും "ശവകുടീരത്തിൽ" നിന്ന്  ഉത്ഥിതനായ യേശുവിനെ കണ്ടുമുട്ടുവാനാണ് ഓരോ ഞായറാഴ്ചയും നമ്മെ ക്ഷണിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുന്ന സഹോദരന്മാരുടെ ജീവിതം ഏവരെയും ഓർമ്മിപ്പിക്കുന്നത്, പുരോഹിതന്റെ സേവനം ഒരു കൂട്ടായ്മയുടെ ശുശ്രൂഷയാണ് എന്നുള്ളതാണെന്നു പാപ്പാ എടുത്തു പറഞ്ഞു. ക്രിസ്തുവുമായുള്ള വൈദികരുടെ  ബന്ധം എത്രത്തോളം ആഴത്തിലാകുന്നുവോ അത്രത്തോളം നമ്മുടെ പൊതുവായ മാനവികതയോടുള്ള  ബന്ധം കൂടുതൽ സമൂലമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. സ്വർഗ്ഗവും ഭൂമിയും തമ്മിൽ  യേശുവിൽ അഭേദ്യമായ ഒരു ബന്ധത്തിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും, ജീവനുള്ളതും ചലനാത്മകവുമായ ഈ രഹസ്യം, ഹൃദയത്തെ സ്നേഹത്തിൽ നിലനിർത്തുന്നുവെന്നും പറഞ്ഞ പാപ്പാ, ഇണകളുടെ സ്നേഹം പോലെ, ദൈവരാജ്യത്തിനുവേണ്ടിയുള്ള ബ്രഹ്മചര്യത്തെ പ്രചോദിപ്പിക്കുന്ന സ്നേഹം സംരക്ഷിക്കപ്പെടുകയും എല്ലായ്പ്പോഴും പുതുക്കുകയും വേണമെന്നും നവവൈദികരെ ഓർമ്മപ്പെടുത്തി.

ആത്മീയവും, ശാരീരികവുമായ മമർദ്ദനങ്ങളെ കുറിച്ച് യേശുവിനു അറിയാമെങ്കിലും, തന്റെ ജീവൻ നൽകുന്നതിൽ നിന്ന് അവനെ വ്യതിചലിപ്പിക്കുന്നില്ലെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു. അതുകൊണ്ട്, യാഥാർഥ്യങ്ങൾ പുരോഹിതരെ ഭയത്തിലേക്ക് നയിക്കരുതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. യേശുവിന്റെ ജീവിതത്തിലും മരണത്തിലും പുനരുത്ഥാനത്തിലും,  ജനവുമായി പങ്കുവയ്ക്കുന്ന രക്ഷാചരിത്രത്തിലും ആയിരിക്കണം നമ്മുടെ സുരക്ഷയെന്നും പാപ്പാ പറഞ്ഞു.

വൈദികർ ആയിരിക്കുന്ന സമൂഹങ്ങൾ, ഇതിനോടകം തന്നെ ഉത്ഥിതനെ അനുഭവിക്കുന്ന ഒന്നെന്ന നിലയിൽ, വൈദികരുടെ വിശുദ്ധീകരണത്തിനു ഈ സമൂഹങ്ങൾ ഏറെ സഹായകരമാകുമെന്നും പാപ്പാ പറഞ്ഞു. നല്ല ഇടയനായ യേശുവിന്റെ പിന്നാലെ ഐക്യത്തോടെ നടക്കാൻ വൈദികർ അവരെ സഹായിക്കുമ്പോൾ, ഈ സമൂഹങ്ങൾ ഉന്നമനത്തിലേക്ക് കടന്നുവരുമെന്നും പാപ്പാ എടുത്തുപറഞ്ഞു .

തുടർന്ന്, "ഞാനാണ് വാതിൽ" എന്ന യേശുവിന്റെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട്,  മാമോദീസയിലൂടെ സഭയിലേക്ക് കടക്കുന്ന ആളുകളുടെ ജീവിതങ്ങളെ പാപ്പാ അനുസ്മരിച്ചു.

മറ്റുള്ളവരെ വിശ്വാസത്തിലേക്ക് നയിച്ചുകൊണ്ട്, യേശുവാകുന്ന വാതിലിലൂടെ പ്രവേശിക്കുവാൻ സഹായിക്കേണ്ടതും പുരോഹിതന്റെ ഉത്തരവാദിത്വമാണെന്നു പാപ്പാ പറഞ്ഞു.

കർത്താവിന്റെ ക്ഷമയുടെയും ആർദ്രതയുടെയും പ്രതിഫലനമായിരിക്കുവാനും പാപ്പാ, വൈദികരെ ആഹ്വാനം ചെയ്തു. കർത്താവ് നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താതെ, രക്ഷയിലേക്ക് നമ്മെ നയിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

Tags

Share this story

From Around the Web