അതിശക്തമായ ഭൂകമ്പത്തില്‍ നിന്നും ഗ്രാമത്തെ സംരക്ഷിച്ച മാതാവിന് നന്ദി പറഞ്ഞ് വൈദികന്‍
പെറുവിലെ അയാകുച്ചോ മേഖലയില്‍ കൊറകോറയ്ക്ക് സമീപം രേഖപ്പെടുത്തിയ 7.2 തീവ്രതയുള്ള ശക്തമായ ഭൂകമ്പത്തില്‍ ജീവഹാനിയോ വലിയ നാശനഷ്ടങ്ങളോ ഉണ്ടാകാതിരുന്നത് ദൈവമാതാവിന്റെ പ്രത്യേക സംരക്ഷണം കൊണ്ടാണെന്ന് സാക്ഷ്യപ്പെടുത്തി കൊറകോറ ഇടവകയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ജോയല്‍ അബാദ് .
ഭൂകമ്പത്തിന്റെ ആഘാതത്തില്‍ കൊറകോറയിലെ പ്രധാന ദേവാലയത്തിന് വിള്ളലുകള്‍ വീഴുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി, ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന ചരിത്രപ്രസിദ്ധമായ മഞ്ഞുമാതാവിന്റെ രൂപം സുരക്ഷിതമായി മാറ്റി സ്ഥാപിച്ചു.
ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത് അധികൃതര്‍ താല്‍ക്കാലികമായി വിലക്കുകയും ചെയ്തു.
അതിതീവ്ര ഭൂകമ്പം സാധാരണയായി വലിയ നാശനഷ്ടങ്ങളും ജീവഹാനിക്കും കാരണമാകാറുണ്ടെങ്കിലും, ഇത്തവണ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രദേശവാസികള്‍ക്ക് മഞ്ഞുമാതാവിലുള്ള ആഴമേറിയ വിശ്വാസവും പ്രാര്‍ത്ഥനയുമാണ് വലിയൊരു ദുരന്തത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിച്ചതെന്ന് ഇടവക വൈദികന്‍ വ്യക്തമാക്കി.
കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ചില ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതില്‍ അദ്ദേഹം ദൈവത്തിന് നന്ദി അര്‍പ്പിച്ചു.