പെറുവില്‍ വെടിവെപ്പില്‍ വൈദികന് പരിക്ക്: മരണത്തിന്റെ സംസ്‌കാരം ഉപേക്ഷിക്കാന്‍ ആഹ്വാനവുമായി സഭ.വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിലും സഭ ആശങ്ക അറിയിച്ചു
പെറു: പെറുവിലെ കല്ലാഓയിലുള്ള കാര്‍മന്‍ ഡി ലാ ലെഗുവ പ്രദേശത്തുണ്ടായ വെടിവെപ്പില്‍ വൈദികനും മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റു. സാന്ത തെരേസിറ്റ ദേവാലയത്തിലെ വികാരിയായ ഫാദര്‍ ജോസ് അര്‍കാഡിയോ നസാരിയോ അയാലയ്ക്കാണ് ഇടത് കവിളില്‍ വെടിയേറ്റത്.
സംഭവത്തെ ശക്തമായി അപലപിച്ച കല്ലാഓ രൂപത, സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന 'മരണത്തിന്റെ സംസ്‌കാരം' ഉപേക്ഷിച്ച് സമാധാനത്തിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തു.
രൂപതയുടെ ഔദ്യോഗിക പത്രക്കുറിപ്പ് അനുസരിച്ച്, കല്ലാഓയിലെ കര്‍മന്‍ ഡി ലാ ലെഗുവ ജില്ലയിലുള്ള സാന്‍ ഫെര്‍ണാണ്ടോ നഗരപ്രദേശത്തെ സാന്ത തെരേസിറ്റ ദെല്‍ നിഞ്ഞോ ജെസൂസ് പള്ളിക്ക് സമീപം വെള്ളിയാഴ്ചയാണ് വെടിവെപ്പുണ്ടായത്.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ജനങ്ങളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന വൈദികനു നേരെ പ്രദേശം കേന്ദ്രീകരിച്ചുണ്ടായ സംഘര്‍ഷത്തില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. ഫാദര്‍ ജോസ് അര്‍കാഡിയോയ്ക്ക് പുറമേ ഡാര്‍വിസ് ജെസ്യൂസ് മോനാഗ്രോ പെന്യ, എഡിത്ത് ജോസഫിന റോഡ്രിഗസ് എന്നീ മറ്റ് രണ്ടുപേര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു.
പരിക്കേറ്റ വൈദികനെ ഉടന്‍ തന്നെ ഡാനിയല്‍ അല്‍സിഡെസ് കരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയ്ക്കു ശേഷം ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് അദ്ദേഹം ഇടവകയിലേക്ക് മടങ്ങിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആഴത്തിലുള്ള ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തിയ കല്ലാഓ രൂപത, ഇരകളായവരോടും അവരുടെ കുടുംബങ്ങളോടും അനുതാപം പ്രകടിപ്പിച്ചു. പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും സഭ ആശങ്ക അറിയിച്ചു.