നൈജീരിയയില്‍ വൈദികന്‍ മോചിതനായി;ഒപ്പമുണ്ടായിരുന്ന ഇടവകാംഗങ്ങള്‍ക്കായി പ്രാര്‍ത്ഥന തുടരുന്നു
അബുജ/നൈജീരിയ: കഴിഞ്ഞ ഫെബ്രുവരിയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ ഫാ. നഥാനിയേല്‍ അസുവായെ മോചിതനായി. കടുന സംസ്ഥാനത്തെ കൗറ കൗണ്ടിയിലുള്ള ഹോളി ട്രിനിറ്റി ഇടവക വികാരിയായിരുന്ന ഫാ. നഥാനിയേലിനെ ഫെബ്രുവരി 7-ന് പുലര്‍ച്ചെ വൈദിക മന്ദിരത്തില്‍ നിന്നാണ് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്.
ആയുധധാരികളായ സംഘം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും വൈദികനോടൊപ്പമുണ്ടായിരുന്ന പത്ത് ഇടവകാംഗങ്ങളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. തന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ദൈവം കൈവിടില്ല എന്നതിന്റെ തെളിവാണ് ഫാ. നഥാനിയേലിന്റെ മോചനമെന്ന് കഫാന്‍ചാന്‍ രൂപത ചാന്‍സലര്‍ ഫാ. ജേക്കബ് ഷാനറ്റ് പ്രതികരിച്ചു. ഫാ. നഥാനിയേല്‍ സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഫാ. ജേക്കബ് വ്യക്തമാക്കി. ഏപ്രില്‍ അവസാനം മുതല്‍ വൈദികന്റെ മോചനത്തിനായി രൂപത പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിവരികയായിരുന്നു.
വൈദികന്‍ മോചിതനായെങ്കിലും അദ്ദേഹത്തോടൊപ്പം തട്ടിക്കൊണ്ടുപോയ പത്ത് ഇടവകാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചിലും പ്രാര്‍ത്ഥനകളും തുടരുകയാണ്.