പഞ്ചസാരയ്ക്കും ശര്‍ക്കരയ്ക്കും വില കുതിച്ചുയരുന്നു.60 -70 രൂപയ്ക്കു വിറ്റിരുന്ന മേന്മയുള്ള ശര്‍ക്കരയുടെ വില 110 രൂപ വരെയായി. പഞ്ചസാരയ്ക്ക് ഒരു മാസത്തിനുള്ളില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധന
കോട്ടയം: പഞ്ചസാരയ്ക്കും ശർക്കരയ്ക്കും വില കുതിച്ചുയരുന്നു. കരിമ്പിന്റെ ലഭ്യതക്കുറവാണ് പഞ്ചസാര, ശർക്കര വില വർധനയ്ക്ക് കാരണം. എഥനോൾ ഉൽപ്പാദനം വർധിപ്പിച്ചതിനാൽ കരിമ്പ് കൂടുതലായി ആ മേഖലയിലേക്ക് പോയത് തിരിച്ചടിയായി. ഇതോടൊപ്പം പൂഴ്ത്തിവെപ്പും വിലവർധനവിന് കാരണമാകുന്നുണ്ട്.
പഞ്ചസാരയ്ക്ക് ഒരു മാസത്തിനുള്ളിൽ 20 രൂപയുടെ വർധനയുണ്ടായെങ്കിൽ, ശർക്കരയ്ക്ക് ഈ വർധനവുണ്ടായത് രണ്ടു മാസത്തിനുള്ളിലാണെന്ന് മാത്രം. ഒറ്റ മാസത്തിനിടയിൽ പഞ്ചസാര, ശർക്കര വില കുതിച്ചതോടെ പായസ വിൽപ്പനക്കാർ പ്രതിസന്ധിയിലായി. ഒന്നും രണ്ടും മാസം മുമ്പേ നിശ്ചിത വില പറഞ്ഞ് പായസത്തിന് ഓർഡർ സ്വീകരിച്ചവരാണ് വെട്ടിലായത്.
കേറ്ററിങ് യൂണിറ്റുകൾ, ഹോട്ടലുകൾ, സഹകരണ സംഘങ്ങൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവരെല്ലാം ഓണക്കാലത്ത് ബുക്കിങ് സ്വീകരിച്ച് പായസമുണ്ടാക്കി നൽകുന്നുണ്ട്. ഇതിനു പുറമേ പായസ മേളകൾ സംഘടിപ്പിക്കുന്നവരും വിവിധ ആവശ്യങ്ങൾക്ക് ഫണ്ട് സമാഹരണാർഥം പായസം ഒരുക്കുന്നവരുമുണ്ട്. ഇവരെയെല്ലാം ഈ വിലവർധനവ് പ്രതിസന്ധിയിലാക്കി. ഒരു മാസം മുമ്പ് 45 രൂപയ്ക്ക് വിറ്റ പഞ്ചസാര ഇന്നലെ 65 രൂപയ്ക്ക് വരെയാണ് വിറ്റത്. ഓരോ ദിവസവും വില ഉയരുകയാണെന്ന് വ്യാപാരികൾ പറയുന്നു.
നേരത്തെ ബുക്കിങ് സ്വീകരിച്ചിരുന്നുവെങ്കിലും പായസമൊരുക്കാൻ കേറ്ററിങ്ങുകാർ വിഭവങ്ങൾ ഇന്നലെയും ഇന്നുമായാണ് വാങ്ങുന്നത്. പാൽപ്പായസത്തിന് ഉൾപ്പെടെ പഞ്ചസാര ആവശ്യം പോലെ വേണം, ഒരു തരി കുറഞ്ഞാൽ രുചിയും കുറയും.
ശർക്കരയും സമാനമായ വിലപ്രതിസന്ധി സൃഷ്ടിക്കുകയാണ്. 60-70 രൂപയ്ക്ക് വിറ്റിരുന്ന മേന്മയുള്ള ശർക്കരയുടെ വില 110 രൂപ വരെയായി. പഴയ വിലയ്ക്ക് ശർക്കര പലയിടങ്ങളിലും ലഭിക്കുമെങ്കിലും ഗുണമേന്മയിൽ ഇവ വളരെ പിന്നിലാണെന്ന് വ്യാപാരികൾ പറയുന്നു.