അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ബിസ്‌കറ്റുകള്‍ക്കും ബ്രെഡിനും വീണ്ടും വില കൂടിയേക്കും; നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ബ്രിട്ടാനിയ
 

 
britania

മുംബൈ: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ബിസ്‌കറ്റ്,റെസ്‌ക് അടക്കമുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പവും അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും കമ്പനിയുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റ് പുതിയ വില വര്‍ധനവ് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

കമ്പനിയുടെ മുന്‍നിര ബ്രാന്‍ഡുകളായ ഗുഡ് ഡേ, മാരി ഗോള്‍ഡ്, 50-50, മില്‍ക്ക് ബിക്കീസ്, ബോര്‍ബണ്‍, ന്യൂട്രിചോയ്‌സ് തുടങ്ങിയ ബിസ്‌കറ്റുകള്‍ക്ക് പുറമെ വിപണിയിലെ ജനപ്രിയ ഉല്‍പ്പന്നങ്ങളായ ബ്രെഡ്, കേക്ക്, റസ്‌ക്, ചീസ്-വെണ്ണ അടക്കമുള്ള ഡയറി ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിച്ചേക്കും. നഗര വിപണികളില്‍ ഉപഭോഗം മന്ദഗതിയിലാണ്. എന്നാല്‍ ഗ്രാമീണ, അര്‍ധ-നഗര മേഖലകളില്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡില്‍ കാര്യമായ തിരിച്ചുവരവ് പ്രകടമാകുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പാദങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളില്‍ വില്‍പ്പന വര്‍ധിക്കുന്നത് പ്രതീക്ഷ നല്‍കുന്ന ഘടകമാണെന്നാണ് വിലയിരുത്തല്‍.

ഉത്പാദനച്ചെലവ് കുത്തനെ ഉയര്‍ന്നതോടെ ലാഭക്ഷമത പിടിച്ചുനിര്‍ത്താന്‍ കമ്പനി വിപണിയില്‍ വിവിധതരത്തിലുള്ള നീക്കങ്ങള്‍ നടത്തുകയാണ്. ഗോതമ്പ്, പാല്‍, കൊക്കോ, പഞ്ചസാര, പാം ഓയില്‍ തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനവ് ഉത്പാദന മേഖലയില്‍ വലിയ സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ ആഘാതം മറികടക്കാന്‍ ഉല്‍പ്പന്നങ്ങളുടെ വില നേരിട്ട് ഉയര്‍ത്തുകയോ, നിലവിലെ വില നിലനിര്‍ത്തിക്കൊണ്ട് പാക്കറ്റുകളുടെ ഭാരം കുറയ്ക്കുകയോ ചെയ്യുന്ന രീതിയാവും വരും ആഴ്ചകളില്‍ നടപ്പാക്കുക.

Tags

Share this story

From Around the Web