നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കേ കുരുമുളകിനു വില വീണ്ടും വര്‍ധിച്ചേക്കുമെന്നു സൂചന

കോട്ടയം: നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കേ കുരുമുളകിനു വില വീണ്ടും വര്‍ധിച്ചേക്കുമെന്ന സൂചന നല്‍കി വ്യാപാരികള്‍. എന്നാല്‍, സീസണ്‍ ആരംഭിക്കുമ്പോള്‍ വിലയിടിക്കുന്ന തന്ത്രം ഇത്തവണയും പയറ്റുമോയെന്ന ആശങ്കയിലാണു കര്‍ഷകര്‍.
കഴിഞ്ഞ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ 700 കടന്ന വില പിന്നീട് താഴ്ന്ന് 640- 650 നിരക്കില്‍ നില്‍ക്കുകയായിരുന്നു. പിന്നീട്, മൂന്നാഴ്ച മുമ്പ് വില കുതിച്ചു കയറി 700 രൂപ പിന്നിട്ടിരുന്നു. ഈ ഘട്ടത്തില്‍, കൈയിലുണ്ടായിരുന്ന കുരുമുളക് വിറ്റഴിക്കാന്‍ എത്തിയ കര്‍ഷകരെ വ്യാപാരികള്‍ ഈര്‍പ്പത്തിന്റെ പേരു പറഞ്ഞ് കബളിപ്പിച്ചതായി ആക്ഷേപമുണ്ട്. മഴക്കാലമാണെന്നും ഈര്‍പ്പമുണ്ടെന്നും പറഞ്ഞ് 12 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയാണ് വാങ്ങിയതെന്നാണ് ആക്ഷേപം.
അതേസമയം, കുരുമുളക് വില ദീപാവലിയ്ക്കു മുന്നോടിയായി വീണ്ടും മെച്ചപ്പെട്ടേക്കുമെന്നാണു വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി കുരുമുളകിന് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഉല്‍പ്പാദനം കുറഞ്ഞിരുന്നു.