പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള ദുരുപയോഗങ്ങള്‍ തടയുക എന്നത് സഭയുടെ ദൗത്യത്തിന്റെ ഒരു ഘടനാപരമായ മാനമാണ്: ലിയോ പാപ്പാ

 
LEO 12



പരിചരണത്തിന്റെ ഒരു യഥാര്‍ത്ഥ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനായി, സഭയുടെ ദൗത്യം എപ്രകാരം മുന്‍പോട്ടു കൊണ്ടുപോകണമെന്ന് എടുത്തു പറഞ്ഞുകൊണ്ട് പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്ലീനറി അസംബ്ലിയില്‍ സംബന്ധിക്കുന്നവര്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും അവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു.

ദുരുപയോഗം തടയുക എന്നത് ഒരു ഐച്ഛിക ജോലിയല്ല, മറിച്ച് സഭയുടെ ദൗത്യത്തിന്റെ ഒരു ഘടനാപരമായ മാനമാണെന്നുള്ള ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. 

ദുരുപയോഗം തടയാന്‍ സഹായിക്കുക എന്നത്, കേവലം നടപടിക്രമങ്ങളോ, പെരുമാറ്റ ചട്ടങ്ങളോ അല്ല, അവ സഭയിലുടനീളം, പരിചരണത്തിന്റെ ഒരു സംസ്‌കാരം രൂപപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനവും, വിശ്വാസത്തിന്റെ സ്വാഭാവിക പ്രകടനവുമാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഇക്കാര്യത്തില്‍, ഇരകളുടെയും അതിജീവിച്ചവരുടെയും അനുഭവങ്ങള്‍, തീര്‍ച്ചയായും വേദനാജനകവും കേള്‍ക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണെങ്കിലും, ശ്രവിക്കുകയും, അവരെ സഹായിക്കുകയും ചെയ്യുമ്പോള്‍, സത്യം വെളിച്ചത്തു കൊണ്ടുവരുവാന്‍ സാധിക്കുകയും, അനുഭവിച്ച വേദനയുടെ തിരിച്ചറിവിലൂടെ, പ്രത്യാശയുടെയും നവീകരണത്തിന്റെയും വിശ്വസനീയമായ ഒരു പാത അവര്‍ക്കായി തുറക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വത്തിക്കാനിലെ വിവിധ ഡിക്കസ്റ്ററികളുടെ സഹകരണത്തോടെയാണ്, പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് എന്ന കാര്യം എടുത്തു പറഞ്ഞ പാപ്പാ, ഇത് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സമ്പന്നമാക്കുന്നുവെന്നു അടിവരയിട്ടു. സഭയുടെ നന്മയ്ക്കായി, പ്രത്യാശയുടെയും വിവേകത്തിന്റെയും പ്രയോഗത്തെയും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുവെന്നും, നിരുത്സാഹത്തിന് വഴങ്ങുന്നതില്‍ നിന്ന് പ്രത്യാശ നമ്മെ തടയുകയും, ദുരുപയോഗം തടയുന്നതില്‍ വിവേകം നമ്മെ സംരക്ഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

പ്രാദേശിക സഭയിലെ മെത്രാന്മാര്‍ക്കും, വിവിധ സന്യാസ സഭകളിലെ മേലധികാരികള്‍ക്കും, ഇക്കാര്യത്തില്‍ ഉള്ള ഉത്തരവാദിത്വങ്ങളെയും പാപ്പാ ഓര്‍മ്മപ്പെടുത്തി. പ്രാദേശിക സഭകള്‍ക്ക്, പ്രത്യേകമായി, ആവശ്യത്തിന് വിഭവങ്ങളും,  വൈദഗ്ധ്യങ്ങളും  കുറവുള്ളിടത്ത്, സഭാപരമായ ഐക്യദാര്‍ഢ്യത്തിന് മൂര്‍ത്തമായ ആവിഷ്‌കാരം നല്‍കുക എന്നതും കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും, ഇത് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയുവാന്‍ താന്‍ കാത്തിരിക്കുകയാണെന്നും പാപ്പാ പറഞ്ഞു. 'കാലത്തിന്റെ അടയാളങ്ങള്‍' വായിക്കുന്നതിലൂടെ, സംരക്ഷണത്തിന്റെ വെല്ലുവിളികളെ ധൈര്യപൂര്‍വ്വം നേരിടാനും അജപാലന വ്യക്തതയോടും ഘടനാപരമായ നവീകരണത്തോടും കൂടി പ്രതികരിക്കാനും കമ്മീഷന്‍ ആഗോള സഭയെ സഹായിക്കുന്നതും പാപ്പാ ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web