സൗ തൊമേ ആന്‍ഡ് പ്രിന്‍സിപ്പേ പ്രസിഡന്റ് വില്ല നോവ ലിയോ പതിനാലാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍: സൗ തൊമേ ആന്‍ഡ് പ്രിന്‍സിപ്പേ ഡെമോക്രറ്റിക് റിപ്പബ്ലിക് പ്രസിഡന്റ് കാര്‍ലോസ് മാനുവല്‍ വില്ല നോവയും ലിയോ പതിനാലാമന്‍ കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ വച്ച് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാനും മറ്റു രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറുമായും പ്രെസിഡന്റ് വില്ല നോവ കൂടിക്കാഴ്ച നടത്തി.
സൗ തൊമേ, പ്രിന്‍സിപ്പേ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നേതൃത്വങ്ങള്‍ തമ്മില്‍ നടന്ന സൗഹാര്‍ദ്ധപരമായ ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും, സൗ തൊമേ ആന്‍ഡ് പ്രിന്‍സിപ്പേയിലെ സാമൂഹിക-സാമ്പത്തികാവസ്ഥ, ആരോഗ്യ, വിദ്യാഭ്യാസമേഖലകളില്‍ കത്തോലിക്കാ പ്രാദേശികസഭയും രാജ്യവുമായുള്ള സഹകരണം എന്നീ വിഷയങ്ങളും ചര്‍ച്ചകളില്‍ ഇടം പിടിച്ചുവെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചു.
ഈ ദ്വീപസമൂഹരാജ്യത്തിലെ യുവജനങ്ങളുടെ പരിശീലനത്തിനായി സഭ നല്‍കുന്ന സംഭാവനകള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ചര്‍ച്ചകളില്‍, പ്രാദേശിക, അന്താരാഷ്ട്ര പരമായ ആശയകൈമാറ്റം നടന്നുവെന്നും, വിവിധ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും ചര്‍ച്ചകളും ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം എടുത്തുപറയപ്പെട്ടുവെന്നും പ്രെസ് ഓഫീസ് അറിയിച്ചു.
ജനസംഖ്യാടിസ്ഥാനത്തില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ ചെറിയ രാജ്യമാണ് സൗ തൊമേ ആന്‍ഡ് പ്രിന്‍സിപ്പേ. രാജ്യത്തിന്റെ അഞ്ചാമത്തെ പ്രസിഡന്റാണ് 2021 ഒക്ടോബര്‍ 2-ന് സ്ഥാനമേറ്റെടുത്ത വില്ല നോവ.