പരാഗ്വേയിലെ പുരാതന കത്തീഡ്രല്‍ ദേവാലയം പുനരുദ്ധരിക്കാന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രസിഡന്റ്

 
azun


അസുന്‍സിയോണ്‍: പരാഗ്വേയുടെ തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന കത്തീഡ്രല്‍ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന. അസുന്‍സിയോണിലുള്ള ഔര്‍ ലേഡി ഓഫ് ദി അസംപ്ഷന്‍ മെട്രോപൊളിറ്റന്‍ കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിനുള്ള സഹായമാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 8ന് അസുന്‍സിയോണിന്റെ തീരത്ത് ദൈവമാതാവിന്റെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന സ്മാരകത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മത്തിനിടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രസിഡന്റ് നടത്തിയത്.

അസുന്‍സിയോണിന്റെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ അഡാല്‍ബെര്‍ട്ടോ മാര്‍ട്ടിനെസും പരാഗ്വേയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍സോ ടര്‍ട്ടുറോയും പരിപാടിയില്‍ പങ്കെടുത്തു. ഭരണകൂടവും പരാഗ്വേ ബിഷപ്പ്‌സ് കോണ്‍ഫറന്‍സും തമ്മിലുള്ള ശക്തമായ സഹകരണത്തെ പ്രത്യേകം പരാമര്‍ശിച്ച പ്രസിഡന്റ് പെന, കത്തോലിക്ക സഭ നമ്മുടെ ഭൂതകാലത്തിലെ ഒരു പാരമ്പര്യം മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ശക്തിയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും പറഞ്ഞു.


1547-ലാണ് അസുന്‍സിയോണ്‍ രൂപത സ്ഥാപിതമായത്. 1548-ല്‍ ആദ്യമായി അവിടെ കത്തീഡ്രല്‍ നിര്‍മ്മിച്ചു. എന്നാല്‍ പിന്നീട് അത് മാറ്റിസ്ഥാപിച്ചു. പിന്നീട് നിര്‍മ്മിച്ച കത്തീഡ്രല്‍ 1845-ല്‍ സമര്‍പ്പിക്കപ്പെട്ടതാണ്. പരാഗ്വേയുടെയും ബ്രസീലിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ബൈനാഷണല്‍ ജലവൈദ്യുത കമ്പനിയായ ഇറ്റൈപുവിന്റെ സാമ്പത്തിക സഹായത്തോടെയാണ് ദേവാലയം പുനരുദ്ധരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web