വണ്ടിക്കടവ് മേഖലയില്‍ കടുവയുടെ സാന്നിധ്യം; മാരനെ കൊന്നത് ഈ കടുവ ആകാന്‍ സാധ്യതയെന്ന് വനം വകുപ്പ്

 
tiger


വണ്ടിക്കടവ് : വൈല്‍ഡ് ലൈഫ് ഡിവിഷനിലെ മറ്റൊരു വനഭാഗത്ത് കണ്ടുവന്നിരുന്ന കടുവയുടെ സാന്നിധ്യം വണ്ടിക്കടവ് മേഖലയില്‍ തിരിച്ചറിഞ്ഞതായി വനം വകുപ്പ്. 

സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിലെ ചിത്രങ്ങളും ഫീല്‍ഡില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും ആസ്പദമാക്കി സമീപ വനഭാഗങ്ങളിലെ കൂടുതല്‍ കടുവകളെ വനം വകുപ്പ് തിരിച്ചറിഞ്ഞു. 


നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് പാലക്കാട് വൈല്‍ഡ്ലൈഫ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി ഉമ ഐഎഫ്എസിന്റെ നേതൃത്വത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി.

മേഖലയില്‍ പുതുതായി കണ്ടെത്തിയ കടുവയ്ക്ക് കൂടുതല്‍ പ്രായം ഉണ്ട്. അതിനാല്‍ വളര്‍ത്തുമൃഗങ്ങളെ പിടിക്കുകയോ മനുഷ്യനെ അക്രമിക്കുകയോ ചെയ്‌തേക്കാം.

 മാരന്റെ മരണത്തിന് കാരണമായത് ഈ കടുവയായിരിക്കാമെന്നും ടെക്‌നിക്കല്‍ കമ്മിറ്റി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി കൃഷ്ണന്‍ അറിയിച്ചു.

അദതേസമയം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും എഡിസിഎഫ് അരുള്‍ ഐഎഫ്എസും കടുവ അക്രമണം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച് ഇതുവരെയുള്ള നടപടിക്രമങ്ങള്‍ വിലയിരുത്തി.

 മരിച്ച മാരന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉന്നതി നിവാസികളുമായി സംസാരിച്ചു. 

വനത്തില്‍ പോകുന്ന ഗോത്രവിഭാഗക്കാരെ കടുവകള്‍ പിന്നില്‍ നിന്ന് അക്രമിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ തലയ്ക്ക് പിന്നില്‍ ധരിക്കുന്ന മുഖം മൂടികള്‍ വിതരണം ചെയ്യുമെന്നും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

ബത്തേരി, മാനന്തവാടി ആര്‍ആര്‍ടികളുടെ നേതൃത്വത്തില്‍ വനഭാഗത്തിനകത്തും വയനാട് വന്യജീവി സങ്കേതത്തിലെയും സൗത്ത് വയനാട് ഡിവിഷനിലെയും വനപാലകരുടെ സംഘങ്ങള്‍ പ്രദേശത്തും പകലും രാത്രിയും പട്രോളിങ് നടത്തുന്നുണ്ട്.

 അപകടം ഉണ്ടായ സ്ഥലത്തിന് പുറമെ പുതിയ മറ്റൊരു സ്ഥലത്തും കടുവയെ പിടികൂടാനുള്ള കൂട് സ്ഥാപിച്ചിട്ടുണ്ട്. 

നേരത്തെ ജനങ്ങള്‍ കടുവയെ കണ്ട കന്നാരം പുഴ വനഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജോഷിലിന്റെ നേതൃത്വത്തില്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ പരിശോധിക്കുകയും കടുവ സമീപത്ത് ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്തു.

കര്‍ണാടക വനം വകുപ്പിന്റെ ക്യാമ്പ് ഷെഡുകളിലൊന്നിന് അടുത്തുനിന്ന് രാത്രിയില്‍ പകര്‍ത്തിയ കടുവയ്ക്ക് നിലവിലെ സംഭവങ്ങളുമായി ബന്ധമില്ല എന്നും പ്രജനന കാലത്തെ കടുവകളുടെ സ്വഭാവത്തെ കുറിച്ച് സമീപത്തെ ഉന്നതികളില്‍ ബോധവല്‍ക്കരണം നടത്തുമെന്നും അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. 

അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായ മുബഷിര്‍, സഞ്ജയ് കുമാര്‍, രാജീവ് കുമാര്‍ എം കെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറാസ്റ്റ് ഓഫീസര്‍മാരായ ബൈജുനാഥ്, അഷ്‌റഫ്, ഗഫൂര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Tags

Share this story

From Around the Web