മലാവിയില്‍ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുക്കങ്ങള്‍ നടക്കുന്നു

ലിലോങ്വേ: ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുക്കങ്ങള്‍ നടക്കുന്നു. ഓഗസ്റ്റ് 5 മുതല്‍ 9 വരെ ലിലോങ്വേ അതിരൂപത ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനായാണ് രാജ്യത്തു ഒരുക്കങ്ങള്‍ തുടരുന്നത്.
2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി മലാവി കത്തോലിക്കാ മെത്രാന്മാരുടെ സമിതിയാണ് (എംസിസിബി) രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുവാന്‍ തീരുമാനമെടുക്കുന്നത്. 'ദിവ്യകാരുണ്യം: പ്രത്യാശയുടെ തീര്‍ത്ഥാടകരുടെ ഉറവിടവും ഉച്ചകോടിയും' എന്നതാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആപ്ത വാക്യം.
കത്തോലിക്ക വിശ്വാസം പുതുക്കുക, സഭയില്‍ ഐക്യം കെട്ടിപ്പടുക്കുക, ദിവ്യകാരുണ്യത്തോടുള്ള സ്‌നേഹം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് മെത്രാന്‍ സമിതി വ്യക്തമാക്കി.
ആത്മീയ വളര്‍ച്ചയ്ക്കും മാറ്റത്തിനും വേണ്ടിയുള്ള പ്രത്യേക സമയമായിരിക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നും ദിവ്യകാരുണ്യത്തോടുള്ള ആഴമായ സ്‌നേഹത്തിലൂടെ പങ്കെടുക്കുന്നവര്‍ വ്യക്തിപരവും സമൂഹപരവുമായ പരിവര്‍ത്തനം അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് സിക്വീസ് പറഞ്ഞു.
ദിവ്യകാരുണ്യ ഭക്തി പരിശീലിക്കാനും ശക്തമായ വിശ്വാസത്തോടെയും ദൈനംദിന ജീവിതത്തില്‍ ദൈവസ്‌നേഹം പങ്കിടാനുള്ള പ്രതിബദ്ധതയോടെയും സ്വഭവനങ്ങളിലേക്ക് മടങ്ങാനും പരിപാടി കാരണമാകുമെന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുക്കമായി മലാവിയിലെ വിവിധ ഇടവകകളില്‍ ആഴ്ചതോറും ദിവ്യകാരുണ്യ ആരാധനയും പഠനപരിപാടികളും നടത്തുന്നുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും കത്തോലിക്കരാണ്. മലാവിയിലെ പൊതുസമൂഹത്തിനിടെയില്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക വികസനം എന്നിവയില്‍ പ്രധാന പങ്ക് വഹിക്കുന്നത് കത്തോലിക്ക സഭയാണ്.