യേശുവിന്റെ മാമ്മോദീസായുടെ 2,000-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കായി ജോര്‍ദാനില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
യേശുവിന്റെ മാമ്മോദീസായുടെ 2,000-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കായി ജോര്‍ദാനില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. യേശു സ്നാപകയോഹന്നാനില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ചതിന്റെ 2000-ാം വാര്‍ഷികം 2030-ലാണ് ആഘോഷിക്കുന്നത്. നിലവിലെ ജോര്‍ദാനിലെ അല്‍-മഗ്താസ് എന്ന സ്ഥലത്തുവെച്ചായിരുന്നു യേശുവിന്റെ മാമ്മോദീസാ നടന്നത്.
ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി രൂപീകരിച്ച ദേശീയ സമിതിയുടെ ആദ്യ യോഗം ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മന്ത്രിമാര്‍, വിവിധ സഭാനേതാക്കള്‍ എന്നിവരടങ്ങുന്നതാണ് ഈ ദേശീയ സമിതി.
ജോര്‍ദാനിലെ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതാക്കള്‍ മുന്നോട്ടുവെച്ച കര്‍മപദ്ധിക്ക് അബ്ദുള്ള രണ്ടാമന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ ജോര്‍ദാന്റെ ചരിത്രപരവും മതപരവുമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും ഈ ആഘോഷം.
സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം, സമാധാനം, സാഹോദര്യം എന്നിവയുടെ സന്ദേശം ലോകത്തിന് നല്‍കാന്‍ ഈ ചരിത്ര മുഹൂര്‍ത്തം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യേശുവിന്റെ മാമോദീസയുമായി ബന്ധപ്പെട്ട പ്രത്യേക മ്യൂസിയവും തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളുമടങ്ങിയ ഗ്രാമവും ഇതിനായി ക്രമീകരിക്കും. മാമ്മോദീസ നടന്ന സ്ഥലത്തിന് സമീപ പ്രദേശങ്ങളില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ഇടനാഴിയും റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും നടപ്പിലാക്കും.