തീക്കോയി കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഗര്‍ഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാഫിയ സംഘം കോട്ടയത്ത് പിടിയില്‍
കോട്ടയം: തീക്കോയി കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഗര്‍ഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാഫിയ സംഘം കോട്ടയത്ത് പിടിയില്‍. ഗര്‍ഭിണിയായ 22കാരിയായ അസം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പൊലീസാണ് രണ്ടു പേരെ പിടികൂടിയത്.
തമിഴ്‌നാട് സ്വദേശിയായ രാജാ, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് പിടിയിലായത്. പ്രസവത്തിന് സഹായങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗര്‍ഭച്ഛിദ്രം നടത്താന്‍ തയ്യാറാകാത്തതിനാലാണ് ഈ യുവതിക്ക് അസമിലെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നത്. രണ്ടാമതും ഗര്‍ഭിണിയായ യുവതിയോട് ഭര്‍തൃവീട്ടുകാര്‍ ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടുകയായിരുന്നു.
വീടുവിട്ടിറങ്ങിയ യുവതിയുമായി സമൂഹമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച സംഘം, ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ എന്ന വ്യാജേനയാണ് ഇവരെ സമീപിച്ചത്. സംരക്ഷണം ഒരുക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍ യുവതിയെ കോട്ടയത്തെ തീക്കോയിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
തീക്കോയിയിലെ ആളൊഴിഞ്ഞ ഒരു വീട്ടിലാണ് പ്രതികള്‍ യുവതിയെ താമസിപ്പിച്ചിരുന്നത്. പ്രസവിച്ചു കഴിഞ്ഞാല്‍ കുഞ്ഞിനെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഇവര്‍ യുവതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ കുഞ്ഞിനെ നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ യുവതിയെ പ്രതികള്‍ മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഈ വീട്ടില്‍ തന്നെ മറ്റ് രണ്ട് ഗര്‍ഭിണികള്‍ കൂടി ഉണ്ടായിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികളുടെ ഭീഷണിയെയും മര്‍ദനത്തെയും തുടര്‍ന്നാണ് യുവതി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയത്.കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പൊലീസാണ് പ്രതികളായ രാജ, അര്‍ജുന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തിന് പുറത്തുനിന്ന് ഇത്തരത്തില്‍ കൂടുതല്‍ ഗര്‍ഭിണികളെ ഇവര്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടോ എന്നും, മുന്‍പ് സമാനമായ രീതിയില്‍ കുഞ്ഞുങ്ങളെ പണത്തിനായി വിറ്റിട്ടുണ്ടോ എന്നതിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.