എറണാകുളത്ത് എസ് എച്ച് ഒ ഗർഭിണിയെ മർദിച്ച സംഭവം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് യുവതി
എറണാകുളം നോർത്ത് എസ് എച്ച് ഒ യുവതിയെ മർദിച്ച കേസിൽ മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് യുവതി. CCTV ദൃശ്യങ്ങൾ പരിശോധിച്ച് സി ഐ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കണം എന്നാണ് ആവശ്യം. എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ ഷൈമോൾ നൽകിയ ഹർജി ജനുവരി 17 ന് പരിഗണിക്കും. എറണാകുളം നോർത്ത് സ്റ്റേഷനിൽ ഉണ്ടായ പോലീസ് മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ഷൈമോളും ഭർത്താവ് ബെൻജോയും അഡീഷണൽ സിജെഎം കോടതിയിൽ ഹർജി നൽകിയത്.
ഇതേ സംഭവത്തിൽ ഷൈമോളെ പ്രതിയാക്കി പോലീസ് എടുത്ത കേസിന്റെ വിചാരണ തുടരുന്നതിനിടെയാണ് മജിസ്ടേറ്റ് തല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി. ജനുവരി 17ന് അഡീഷണൽ സിജെഎം കോടതി ഹർജി പരിഗണിക്കുമെന്ന് ഷൈമോളുടെ അഭിഭാഷകൻ റെബിൻ വിൻസെൻ്റ് ഗ്രാലൻ
പറഞ്ഞു.
2024 ജൂൺ 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നോർത്ത് പോലീസ് കസ്റ്റഡിയിൽ എടുത്ത ഭർത്താവിനെ കാണാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു ഷൈമോള്‍. ഹൈക്കോടതിയിൽ നേരത്തേ നൽകിയ നഷ്ട പരിഹാര കേസിലാണ് കോടതി ഇടപെടലിൽ മർദ്ദനത്തിന്‍റെ CCTV ദൃശ്യങ്ങൾ ഇവർക്ക് ലഭിച്ചത്. ദൃശ്യങ്ങൾ ഉൾപ്പെടെ ഇന്നലെ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ടു. കർശന നടപടി നിർദ്ദേശം നൽകി. ഡിജിപിയുടെ നിർദ്ദേശപ്രകാരം പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.