ഗര്‍ഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയില്‍. ആരോപണവുമായി കുടുംബം
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
30-കാരിയായ നസിയ ഖാനം ആണ് ഡല്‍ഹി ദ്വാരകയിലെ വീട്ടില്‍ ഓഗസ്റ്റ് 21ന് മരിച്ചത്. ഭര്‍തൃവീട്ടുകാരില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനം നസിയ നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 11-നായിരുന്നു അജംഅലി ഖാന്‍ എന്നയാളുമായി വിവാഹിതയായത്. ഭര്‍ത്താവ് അജംഅലി ഖാന്‍, ഭരതൃമാതാവ് സമിന്‍ നിഷ, ഭര്‍തൃപിതാവ് ബാബര്‍ അലി ഖാന്‍ എന്നിവരും ഭര്‍തൃവീട്ടിലെ മറ്റ് അംഗങ്ങളും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നതായി നസിയയുടെ പിതാവ് തവാബ് ഖാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അവര്‍ നസിയയെ പതിവായി അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും വീടിന് പുറത്താക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.
ഫോണ്‍ കോളിലൂടെ തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് നസിയ തന്റെ കുടുംബത്തെ ആവര്‍ത്തിച്ച് അറിയിച്ചിരുന്നു. ആ സമയത്ത് അവള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നുവെന്നും, പരാതികള്‍ നല്‍കിയിട്ടും ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ലെന്നും തവാബ് ഖാന്‍ പറഞ്ഞു.
നസിയയെ ബോധരഹിതമായ അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അപ്പോഴേക്കും മരിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. നസിയയുടെ ഭര്‍ത്താവ് പോലീസിന് നല്‍കിയ മൊഴി പ്രകാരം, 'തങ്ങള്‍ തമ്മില്‍ വഴക്ക് നടന്നിരുന്നു.
നസിയ തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ട് മറ്റൊരു മുറിയിലേക്ക് പോയി. തുടര്‍ന്ന് ഞാന്‍ വീട്ടുടമസ്ഥനെ വിളിച്ചു. അദ്ദേഹം ഏണിയുടെ സഹായത്തോടെ എന്നെ പുറത്തിറക്കി.
നാസിയ ഒരു ചുരിദാര്‍ ഷാള്‍ ഉപയോഗിച്ച് സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് പിന്നീട് ജനലിലൂടെ നോക്കിയപ്പോള്‍ കണ്ടത്' അജംഅലി ഖാന്‍ പറഞ്ഞു.
പോലീസാണ് നസിയയുടെ മരണവിവരം അവളുടെ കുടുംബാംഗങ്ങളെയും അറിയിച്ചത്. പിതാവ് തവാബ് ഖാനും സഹോദരനും പിന്നീട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ദിനേഷ് റാണയ്ക്ക് മുമ്പാകെ മൊഴി നല്‍കി.
തന്റെ മകളുടെ മരണത്തിന് മരുമകന്‍ ബാബര്‍ അജംഅലി ഖാനാണ് ഉത്തരവാദിയെന്ന് ആരോപിച്ച തവാബ് ഖാന്‍, കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.