ഇംഗ്ലണ്ടിലെ കത്തീഡ്രലിലെ വിശ്വാസികളുടെ പ്രാര്‍ഥന പങ്കാളിത്തം ഉയര്‍ന്നു
തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും രാജ്യത്തെ കത്തീഡ്രലുകളിലെ ആരാധനകളിലും പ്രാര്‍ഥനാ യോഗങ്ങളിലും വിശ്വാസികളുടെ പങ്കാളിത്തം വലിയ തോതില്‍ വര്‍ധിച്ചതിന്റെ സന്തോഷത്തില്‍ ഇംഗ്ലണ്ടിലെ സഭ.
ബ്രിട്ടനില്‍ പൊതുവേ ദൈവാലയങ്ങളില്‍ ആളുകള്‍ കുറയുന്നുവെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് കത്തീഡ്രലുകള്‍ കേന്ദ്രീകരിച്ച് പ്രാര്‍ഥനയ്ക്കായി വലിയ ജനസഞ്ചയം എത്തുന്നത്.
ഇംഗ്ലണ്ടിലെ സഭാനേതൃത്വം പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഞായറാഴ്ചകളിലെ പ്രധാന കുര്‍ബാനകളിലും മറ്റ് വിശേഷാല്‍ ശുശ്രൂഷകളിലും പങ്കെടുക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.
കേവലം പ്രായമായവര്‍ മാത്രമല്ല, യുവാക്കളും കുട്ടികളും കുടുംബസമേതം കത്തീഡ്രലുകളിലേക്ക് പ്രാര്‍ഥനകള്‍ക്കായി എത്തുന്നു എന്നത് വലിയ മാറ്റമായി സഭാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ പ്രധാന തിരുനാള്‍ ദിനങ്ങളില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വലിയ പങ്കാളിത്തമാണ് ഓരോ കത്തീഡ്രലിലും അനുഭവപ്പെട്ടത്. പള്ളികളില്‍ നേരിട്ടെത്തുന്നവര്‍ക്ക് പുറമെ, കത്തീഡ്രലുകള്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രാര്‍ഥനാ തത്സമയ സംപ്രേഷണങ്ങള്‍ കാണുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആളുകള്‍ തങ്ങളുടെ തിരക്കുപിടിച്ച ജീവിതത്തില്‍ സമാധാനവും ആത്മീയ ആശ്വാസവും തേടിയാണ് കത്തീഡ്രലുകളിലെ ശാന്തമായ അന്തരീക്ഷത്തിലേക്ക് എത്തുന്നതെന്ന് സഭാ അധികാരികള്‍ വ്യക്തമാക്കി. കൂടുതല്‍ ആളുകളെ ദൈവാലയങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി വൈവിധ്യമാര്‍ന്ന ആത്മീയ-സാംസ്‌കാരിക പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികാരികള്‍