“പ്രാർഥന എന്നത് പ്രത്യാശയുടെ പ്രവൃത്തിയാണ്”: പൊതുസന്ദർശന വേളയിൽ മാർപാപ്പ
കാസിൽ ഗാൻഡോൾഫോയിലെ വേനൽക്കാല വിശ്രമത്തിനു ശേഷം ഓഗസ്റ്റ് അഞ്ച് ബുധനാഴ്ച, ലെയോ മാർപാപ്പ തന്റെ പൊതുസന്ദർശനങ്ങൾ പുനരാരംഭിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട്, ലിറ്റർജിക്കൽ പ്രാർഥനയുടെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ‘സാക്രോസങ്തും കോൺചെലിയം’ എന്ന രേഖയെക്കുറിച്ചുള്ള പ്രബോധനങ്ങൾ പാപ്പ തുടർന്നു.
“അപ്പസ്തോലനായ പൗലോസ് സൂചിപ്പിക്കുന്നതുപോലെ, നമ്മെ പ്രാർഥിക്കാൻ പഠിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. പെന്തക്കുസ്താ ദിനം മുതൽ പരിശുദ്ധാത്മാവ് സഭയിൽ വസിക്കുകയും അവളുടെ ഓരോ പ്രവർത്തനങ്ങളെയും, പ്രത്യേകിച്ച് പ്രാർഥനയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അന്നുമുതൽ, സഭ പെസഹാരഹസ്യം ആഘോഷിക്കാൻ ഒത്തുചേരുന്നതിൽ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല” – പാപ്പ പറഞ്ഞു.
“നമ്മുടെ കാലഘട്ടത്തിൽ, ഉപഭോഗ സംസ്കാരവും കാര്യക്ഷമതയും മാത്രം ലക്ഷ്യമിടുന്ന ചിന്താഗതികൾ ആധിപത്യം പുലർത്തുന്ന ചുറ്റുപാടുകളിൽ, പ്രാർഥന നിസ്സാരവും അനാവശ്യവുമായി തോന്നാം. ശാസ്ത്രവും സാങ്കേതികവിദ്യയും എല്ലാത്തിനും ഉത്തരം നൽകുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ലോകത്ത്, പ്രാർഥിക്കുന്നത് യഥാർഥ അവസ്ഥകളിൽ നിന്നുള്ള ഒളിച്ചോട്ടമായോ, വ്യക്തിഗത ക്ഷേമത്തിനായുള്ള മറ്റൊരു മാനസികതന്ത്രമായോ തോന്നാം. എന്നിരുന്നാലും, പ്രാർഥനയെ അതിന്റെ യഥാർഥ രൂപത്തിൽ വീണ്ടെടുക്കേണ്ടതുണ്ട്” – പാപ്പ വ്യക്തമാക്കി.
“ദിവ്യബലിയോട് ചേർന്നുനിൽക്കുന്നതും അതിന്റെ വെളിച്ചത്തെ മുന്നോട്ട് കൊണ്ടുപോകുന്നതുമായ യാമപ്രാർഥനകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ സമയത്തെ വിശുദ്ധീകരിക്കുന്നു. രാവിലെ, നാം വിശ്വാസത്തോടും നന്ദിയോടും കൂടെ ദിവസം ആരംഭിക്കുന്നു. ഉച്ചയ്ക്ക്, നമ്മുടെ അധ്വാനങ്ങൾക്കിടയിലും വിശ്വസ്തരായിരിക്കാനുള്ള ശക്തിക്കായി നാം പ്രാർഥിക്കുന്നു. വൈകുന്നേരം, ജോലി പൂർത്തിയാകുമ്പോൾ സന്ധ്യാപ്രാർഥന സൂര്യാസ്തമയ നിമിഷങ്ങളെ അനുഗമിക്കുന്നു. രാത്രിയിൽ, ദൈവത്തിന്റെ സമാധാനത്തിന് നമ്മെത്തന്നെ ഭാരമേൽപിച്ച് നാം ഉറങ്ങാൻ കിടക്കുന്നു. ഓരോ യാമവും പ്രത്യാശയുടെ പ്രവൃത്തിയാണ്” – പാപ്പ കൂട്ടിച്ചേർത്തു.