പ്രാര്‍ഥനയെയും സാമൂഹിക നീതിയെയും വേര്‍പെടുത്താന്‍ കഴിയില്ല: ലെയോ പാപ്പ

 
LEO PAPA



പ്രാര്‍ഥനയും സാമൂഹിക നീതിയും പരസ്പരപൂരകങ്ങള്‍ മാത്രമല്ല, യഥാര്‍ഥത്തില്‍ വേര്‍പെടുത്താനാവാത്തതാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച സ്ഥാപകന്റെ മാതൃക പിന്തുടര്‍ന്ന് ദൈവരാജ്യ നിര്‍മ്മിതിക്ക് സംഭാവന നല്‍കുന്നതിന്, സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോളിന്റെ യു.എസ് പ്രതിനിധി സംഘത്തിന് മാര്‍പാപ്പ നന്ദി അറിയിച്ചു.

പതിനേഴാം നൂറ്റാണ്ടില്‍ ശുശ്രൂഷ ചെയ്തിരുന്ന ഫ്രഞ്ച് വൈദികനായ വിശുദ്ധ വിന്‍സെന്റ് ഡി പോള്‍, പാവപ്പെട്ടവരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ക്കായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ്. ഇതിന്റെ പേരില്‍ 1885-ല്‍ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കത്തോലിക്കാ ജീവകാരുണ്യ സംഘടനകളുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.


റോമിലെ സന്ദര്‍ശനം വിന്‍സെന്‍ഷ്യന്‍ അംഗങ്ങളുടെ ''വിശ്വാസത്തെ ശക്തിപ്പെടുത്താനും, കര്‍ത്താവിനെയും സഭയെയും സേവിക്കാനുള്ള അവരുടെ ആഗ്രഹത്തെ ആഴത്തിലാക്കാനും'' സഹായിക്കട്ടെ എന്ന് മാര്‍പാപ്പ ആശംസിച്ചു.

''അതോടൊപ്പം, ദൈവകൃപ നിങ്ങളുടെ സേവനത്തെ തുടര്‍ന്നും നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കര്‍ത്താവുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പ്രാര്‍ഥനയും സാമൂഹിക നീതിയും പരസ്പരപൂരകങ്ങള്‍ മാത്രമല്ല, വേര്‍പെടുത്താനാവാത്തതാണെന്നും വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ കാണിച്ചുതന്നു. അതിനാല്‍, അദ്ദേഹത്തിന്റെ മാതൃക പിന്തുടരുന്നതിനും മധ്യസ്ഥത തേടുന്നതിനുമായി നിങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥനിലേക്ക് നിങ്ങള്‍ നിരന്തരം തിരിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' മാര്‍പാപ്പ പറഞ്ഞു.

മറ്റുള്ളവര്‍ക്കായി എപ്പോഴും സ്വയം സമര്‍പ്പിക്കാന്‍ വിന്‍സെന്‍ഷ്യന്‍ അംഗങ്ങളോട് ലെയോ പതിനാലാമന്‍ ആഹ്വാനം ചെയ്തു. ''അതുവഴി കര്‍ത്താവിന്റെ കൃപ നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രമേണ ശുദ്ധീകരിക്കുകയും, നിങ്ങള്‍ സേവിക്കുന്നവരിലും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവരിലും ക്രിസ്തുവിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്യും.'' പാപ്പ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web