സുവിശേഷം പ്രചരിപ്പിക്കുന്നതിന് പ്രാര്‍ത്ഥിക്കണം, സഹായിക്കണം: പ്രേഷിത ദിനത്തില്‍ പങ്കാളികളാകാന്‍ പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ പത്തൊന്‍പതാം തീയതി കത്തോലിക്ക സഭ കൊണ്ടാടുന്ന ആഗോള പ്രേഷിതദിനത്തില്‍ പങ്കാളികളാകുവാന്‍ ഏവരോടും ആഹ്വാനവുമായി ലെയോ പതിനാലാമന്‍ പാപ്പ.
ഈ അവസരത്തില്‍ പ്രാദേശിക സഭകളില്‍ ഈ ദിനത്തിന്റെ പ്രാധാന്യം അനുസ്മരിക്കണമെന്നു ഇന്നലെ പുറത്തിറക്കിയ വീഡിയോയിലൂടെ ലെയോ പാപ്പ ആഹ്വാനം ചെയ്തു.
സഭ മുഴുവന്‍ മിഷ്ണറിമാര്‍ക്കുവേണ്ടിയും, അവരുടെ അപ്പസ്‌തോലിക പ്രവര്‍ത്തനത്തിന്റെ ഫലത്തിനും വേണ്ടിയും പ്രാര്‍ത്ഥനയില്‍ ഒരുമിക്കുന്ന, ആഗോള പ്രേഷിത ദിനം ഒക്ടോബര്‍ മാസം പത്തൊന്‍പതാം തീയതി ആഘോഷിക്കുകയാണെന്ന വാക്കുകളോടെയാണ് പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്.
താന്‍ പുരോഹിതനും, പിന്നീട് പെറുവില്‍ മിഷ്ണറി മെത്രാനും ആയിരുന്നപ്പോള്‍, ഈ ദിനം വിശ്വാസത്തോടെയും, പ്രാര്‍ത്ഥനകളോടെയും, ദാനധര്‍മ്മങ്ങളിലൂടെയും ആചരിച്ചിരിന്നതെന്നും സമൂഹത്തെ പരിവര്‍ത്തനം ചെയ്യുന്നതിനു താന്‍ സാക്ഷിയാണെന്നും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു.
ലോകത്തിലെ എല്ലാ കത്തോലിക്ക ഇടവകകളെയും, ആഗോള പ്രേഷിത ഞായറാഴ്ച ആചരണത്തില്‍ പങ്കെടുക്കുവാന്‍ പാപ്പ ക്ഷണിച്ചു.
പ്രാര്‍ത്ഥനകളും, സഹായങ്ങളും, പ്രേഷിത മേഖലകളില്‍ ഉള്ള സഹോദരങ്ങള്‍ക്കിടയില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിനും, അജപാലന-മതബോധന പദ്ധതികളെ സഹായിക്കുന്നതിനും പുതിയ ദേവാലയങ്ങള്‍ പണിയുന്നതിനും, ആതുര -വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായകരമായി മാറുമെന്ന് പാപ്പ പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ 'പ്രത്യാശയുടെ മിഷ്ണറിമാര്‍' ആകുവാന്‍ ജ്ഞാനസ്‌നാനം വഴിയായി നമുക്ക് ലഭിച്ച ആഹ്വാനത്തെക്കുറിച്ച് ഒക്ടോബര്‍ 19ന്, നാം ഒരുമിച്ച് ചിന്തിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിനെ ഭൂമിയുടെ അതിരുകളിലേക്ക് കൊണ്ടുവരാനുള്ള നമ്മുടെ മധുരവും സന്തോഷകരവുമായ പ്രതിബദ്ധത പുതുക്കാം.
ലോകമെമ്പാടുമുള്ള മിഷ്ണറിമാരെ സഹായിക്കാനുള്ള പാപ്പായുടെ ഉദ്യമങ്ങളെ സഹായിക്കുന്ന ഏവര്‍ക്കും നന്ദിയര്‍പ്പിച്ചും ദൈവാനുഗ്രഹങ്ങള്‍ നേര്‍ന്നുകൊണ്ടുമാണ് വീഡിയോ സന്ദേശം അവസാനിക്കുന്നത്.