അതിവേഗം തീരുമാനം, പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ തീരുമാനം
ദില്ലി: ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷിയെ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നിലവില്‍ ഭക്ഷ്യം, പൊതുവിതരണം, എന്നീ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന പ്രഹ്ലാദ് ജോഷി, തന്റെ നിലവിലെ ചുമതലകള്‍ക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി വഹിക്കും.സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാന്‍ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ പ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങി. പിന്നാലെയാണ് പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ചത്.
ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ ഡല്‍ഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളില്‍ പാര്‍ലമെന്റ് മാര്‍ച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി. ധര്‍മ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍.