പകലിലും ഇരുളിലും പ്രപഞ്ചനാഥനായ ദൈവത്തെ സ്തുതിക്കുക
നൂറ്റിമുപ്പത്തിനാലാം സങ്കീർത്തനം ആരംഭിക്കുന്നത് ദൈവാരാധനയ്ക്കുള്ള ക്ഷണത്തോടെയാണ്. “കർത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിൻ; രാത്രിയിൽ കർത്താവിന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്നവരെ അവിടുത്തെ വാഴ്ത്തുവിൻ” (വാ. 1). കർത്താവിന്റെ ആലയത്തിൽ സേവനം ചെയ്യുവാനായി പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ലേവി ഗോത്രത്തിൽനിന്നുള്ള ആളുകളോടായിരിക്കണം സങ്കീർത്തകൻ ഈ ആഹ്വാനം നടത്തുന്നത്.
നിയമാവർത്തനപുസ്തകത്തിന്റെ പത്താം അധ്യായത്തിന്റെ എട്ടാം വാക്യത്തിൽ കർത്താവ് പ്രത്യേകമായി ലേവി ഗോത്രത്തെ തന്റെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു നിറുത്തുന്നത് നമ്മൾ കാണുന്നുണ്ട്. “അക്കാലത്ത് കർത്താവിന്റെ ഉടമ്പടിയുടെ പേടകം വഹിക്കാനും അവിടുത്തെ സന്നിധിയിൽ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും അവിടുത്തെ നാമത്തിൽ അനുഗ്രഹിക്കാനുമായി ലേവിയുടെ ഗോത്രത്തെ കർത്താവ് വേർതിരിച്ചു. ഇവയാണ് ഇന്നോളം അവരുടെ കടമകൾ”.
കർതൃശുശ്രൂഷ കടമയായുള്ള, കർത്താവിന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്ന, അവിടുത്തെ ദാസരോടാണ് കർത്താവിനെ സ്തുതിക്കുവാനും വാഴ്ത്തുവാനും സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നത്. 113-ആം സങ്കീർത്തനം തുടങ്ങുന്നതും ഏതാണ്ട് ഇതേ വാക്കുകളോടെയാണ്; “കർത്താവിനെ സ്തുതിക്കുവിൻ! കർത്താവിന്റെ ദാസരെ, അവിടുത്തെ സ്തുതിക്കുവിൻ!
കർത്താവിന്റെ നാമത്തെ സ്തുതിക്കുവിൻ!” (വാ.1). 135-ആം സങ്കീർത്തനത്തിന്റെ ആരംഭത്തിലും, ദാനിയേലിന്റെ പുസ്തകം 3, 85-ലും ഇതേ വാക്കുകൾ നമുക്ക് കാണാം. കർത്താവ് തങ്ങൾക്കായി ചൊരിഞ്ഞ അനുഗ്രഹങ്ങളെ ഓർത്ത് അവിടുത്തെ നാമത്തെ സ്തുതിക്കുന്നതും അവിടുത്തെ ബഹുമാനിക്കുന്നതും വാഴ്ത്തുന്നതും സൃഷ്ടികളെന്ന നിലയിൽ ഓരോ മനുഷ്യരുടെയും, പ്രത്യേകിച്ച്, കർത്താവിനെ അറിയുകയും, അവിടുത്തെ മഹത്വപൂർണ്ണമായ സാന്നിദ്ധ്യത്തിൽ ആയിരിക്കുകയും ചെയ്യുന്ന ആളുകളുടെയും കടമയും അവകാശവുമാണ്.