പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി; തകർപ്പൻ ഹാട്രിക് നേടിയ ശേഷം കുരിശടയാളം വരച്ച് ലയണൽ മെസി
ബ്യൂണസ് ഐറിസ്: ഫുട്ബോൾ മൈതാനത്ത് വിസ്മയങ്ങൾ തീർക്കുന്ന അർജന്റീനൻ നായകൻ ലയണൽ മെസി തന്റെ വിശ്വാസവും മൈതാനത്ത് അടയാളപ്പെടുത്തി. അർജന്റീനയ്ക്കായി തകർപ്പൻ ഹാട്രിക് നേടിയതിന് പിന്നാലെയാണ് മെസി കുരിശടയാളം വരച്ചത്.
മത്സരത്തിനിടെ ഹാട്രിക് തികച്ചശേഷം ആകാശത്തേക്ക് നോക്കി, "പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി" എന്ന് ഉരുവിട്ടുകൊണ്ട് മെസ്സി കുരിശടയാളം വരച്ചത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായിരിക്കുമ്പോഴും, തന്റെ വിജയങ്ങൾക്കൊക്കെയും ദൈവത്തിന് നന്ദി പറയുന്ന മെസിയുടെ ഈ മാതൃക കായികലോകം ഏറെ ആദരവോടെയാണ് കാണുന്നത്.
ഇന്നത്തെ മത്സരത്തിൽ അർജന്റീനയുടെ മുന്നേറ്റങ്ങളെല്ലാം മെസ്സിയുടെ കാലുകളിലൂടെയായിരുന്നു രൂപപ്പെട്ടത്. എതിരാളികളുടെ പ്രതിരോധത്തെ കാഴ്ചക്കാരാക്കി മെസി അടിച്ചുകൂട്ടിയ മൂന്ന് ഗോളുകളും കായിക പ്രേമികൾക്ക് വിരുന്നായി.
കാന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് അര്‍ജന്റീനയ്ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്.
തന്റെ ഇരുനൂറാം രാജ്യാന്തര മത്സരത്തിനിറങ്ങിയ മെസി ഈ ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പവും (16 ഗോളുകള്‍) എത്തി. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനന്‍ നിര അള്‍ജീരിയന്‍ പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കിയിരുന്നു. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റില്‍ നിന്നും മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്നുള്ള മനോഹരമായ ലെഫ്റ്റ് ഫൂട്ടഡ് ഷോട്ടിലൂടെ മെസി ടീമിന്റെ ആദ്യ ഗോള്‍ നേടി.
രണ്ടാം പകുതിയിലും കളി അര്‍ജന്റീനയുടെ നിയന്ത്രണത്തിലായിരുന്നു. 60-ാം മിനിറ്റില്‍ അള്‍ജീരിയന്‍ ഗോള്‍കീപ്പര്‍ ലൂക്കാ സിദാനെ കാഴ്ചക്കാരനാക്കി മെസി ടീമിന്റെയും തന്റെയും രണ്ടാം ഗോള്‍ വലയിലാക്കി. തുടര്‍ന്ന് 76-ാം മിനിറ്റില്‍ അള്‍ജീരിയന്‍ ബോക്‌സിനെ കീറിമുറിച്ച മുന്നേറ്റത്തിനൊടുവില്‍ താരം ഹാട്രിക് തികച്ചു. ഈ ലോകകപ്പ് ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്കാണിത്.