പെറുവില്‍ ഉണ്ടായ ശക്തമായ ഭൂകമ്പം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികള്‍ക്ക് കനത്ത നാശനഷ്ടം,അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കനത്ത നാശനഷ്ടം

 
PERU CHURCH


പെറു:പെറുവിലെ പര്‍വതമേഖലയായ ഹുനീനില്‍ ഉണ്ടായ ഇരട്ട ഭൂകമ്പത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദൈവാലയങ്ങള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. 

ജൂലൈ 19 നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1, 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ പെറുവില്‍ ഉണ്ടായത്. 

ഭൂകമ്പത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

ഭൂചലനത്തില്‍ ചോംഗോസ് ബഹോയിലെ വിശുദ്ധ യാക്കോബിന്റെ ദൈവാലയം, പുംപൂന്യയിലെ എല്‍ കൊപ്പോണ്‍ ചാപ്പല്‍ തുടങ്ങിയ പുരാതന ദൈവാലയങ്ങള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ചരിത്രപ്രസിദ്ധമായ ചോംഗോസ് ബഹോയിലെ വിശുദ്ധ യാക്കോബിന്റെ ദൈവാലയത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകരുകയും മണിമാളിക ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാകുകയും ചെയ്തിട്ടുണ്ട്.

 എല്‍ കൊപ്പോണ്‍ ചാപ്പലിനും ഭൂചലനത്തില്‍ കനത്ത കേടുപാടുകള്‍ സംഭവിച്ചു.


ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് പെറുവിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് അനുശോചനം അറിയിക്കുകയും പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു. 

ഹുവാങ്കായോ അതിരൂപതയുടെ കീഴിലുള്ള 'കാരിത്താസ്' സംഘടന ദുരന്തബാധിതര്‍ക്ക് അടിയന്തര ആശ്വാസ സാമഗ്രികള്‍ എത്തിച്ചുനല്‍കുന്നുണ്ട്.
 

Tags

Share this story

From Around the Web