വൈദ്യുതി നിയന്ത്രണം സെപ്റ്റംബര്‍ 30 വരെ, ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിന് ഒരാഗ്രഹവുമില്ല:കെ എസ് ഇ ബി ചെയര്‍മാന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം.
ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിനോ ബോര്‍ഡിനോ യാതൊരു ആഗ്രഹവുമില്ലെന്നും എന്നാല്‍ നിലവിലെ അടിയന്തര സാഹചര്യം മറികടക്കാന്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ഇബി ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകുന്നേരം ഏഴു മണിക്ക് അനുഭവപ്പെടുന്ന അതേ ഡിമാന്‍ഡ് തന്നെയാണ് പുലര്‍ച്ചെ ഒരു മണിക്കും രേഖപ്പെടുത്തുന്നത്. സെപ്റ്റംബര്‍ മാസത്തിലും ഈ ഉയര്‍ന്ന ഡിമാന്‍ഡ് തുടരുന്നതാണ് നിലവിലെ സാഹചര്യം. കടുത്ത ചൂടുള്ള സമയത്ത്, പ്രത്യേകിച്ച് രാത്രി 12 മണിക്ക് ശേഷം വൈദ്യുതി തടസ്സപ്പെടുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന കാര്യം ബോര്‍ഡും സര്‍ക്കാരും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്.
പവര്‍ കട്ടുകള്‍ മൂലമുണ്ടാകുന്ന അസൗകര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ വൈദ്യുതി നിയന്ത്രണം എപ്പോഴൊക്കെയെന്ന് മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള പ്രത്യേക സോഫ്റ്റ്വെയര്‍ റെഡിയാക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മുന്‍കൂട്ടി വിവരമറിയിക്കുന്നതിലൂടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.
ചൂട് കൂടുമ്പോള്‍ സ്വാഭാവികമായും എസികളുടെ ഉപയോഗം ഉയരുകയും അത് വൈദ്യുതി ലോഡ് വലിയ തോതില്‍ കൂട്ടുകയും ചെയ്യുന്നുണ്ട്. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് അരമണിക്കൂറോ ഒരു മണിക്കൂറോ മുന്‍പ് മാത്രം എസി പ്രവര്‍ത്തിപ്പിച്ച് മുറി തണുപ്പിച്ച ശേഷം ഓഫ് ചെയ്യുന്ന രീതിയിലുള്ള സ്വയം നിയന്ത്രണം എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നിലവിലെ സാഹചര്യം മറികടക്കാന്‍ ജനങ്ങളുടെ ഭാഗത്തുനിന്നും കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഒരുമിച്ചുള്ള കൂട്ടായ പരിശ്രമം ആവശ്യമാണ്. സെപ്റ്റംബര്‍ 30 വരെ വൈദ്യുതി ലോഡ് കുറച്ച് സ്വയം നിയന്ത്രണം പാലിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള പ്രധാന പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഒന്നോടെ സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറോടെ പുതിയതായി 500 മെഗാവാട്ട് പവര്‍ ലഭ്യമാകും. കൂടാതെ സ്വാപ്പ് കരാറുകള്‍ വഴി ലഭിക്കുന്ന പവര്‍ കൂടി എത്തുന്നതോടെ നിലവിലുള്ള 900 മെഗാവാട്ടിന്റെ കുറവ് നികത്താന്‍ സാധിക്കും.
ഇതോടെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും സെപ്റ്റംബര്‍ 30 വരെയുള്ള ഈ ഘട്ടം തരണം ചെയ്യാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.