മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം,വൈകിട്ട് 6.45നും രാത്രി 12.45നുമിടയില്‍ കറന്റ് പോകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. 500 മുതല്‍ 600 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ദീര്‍ഘകാല കരാറിന്റെ ഭാഗമായി ലഭിക്കേണ്ട 380 മെഗാവാട്ട് ഇന്നലെ മുടങ്ങിയതില്‍ പകുതി ഇന്ന് ലഭിക്കും.
മധ്യപ്രദേശില്‍ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് മുടങ്ങും. പല ജില്ലകളിലും മഴയുണ്ടെങ്കിലും ഉപഭോഗത്തില്‍ കാര്യമായ കുറവില്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അതിനാല്‍ ഇന്ന് വൈകീട്ട് 6.45നും രാത്രി 12.45നുമിടയില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കര്‍ണാടക മന്ത്രിയുമായി സംസാരിച്ചെങ്കിലും അവിടെനിന്ന് അധിക വൈദ്യുതി ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ഉപഭോഗം വര്‍ധിച്ചുവെന്നത് യാഥാര്‍ഥ്യമാണെന്നും സംസ്ഥാനത്ത് ആണവോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും വിഷയത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി ഉത്പാദനം ഉള്‍പ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.