സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈദ്യുതി ക്ഷാമം തുടരുന്നതായി കെഎസ്ഇബി,ദേശീയതലത്തില്‍ വൈദ്യുതി ലഭ്യത കുറഞ്ഞതും കല്‍ക്കരി ക്ഷാമം തുടരുന്നതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ദേശീയതലത്തില്‍ വൈദ്യുതി ലഭ്യത കുറഞ്ഞതും കല്‍ക്കരി ക്ഷാമം തുടരുന്നതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇന്നലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും നിലവിലെ വൈദ്യുതി ക്ഷാമം കണക്കിലെടുത്ത് നിയന്ത്രണം അനിവാര്യമാണെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.
കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ഹിമാചല്‍ പ്രദേശില്‍നിന്ന് അധിക വൈദ്യുതി ലഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച അളവില്‍ വൈദ്യുതി ലഭിച്ചില്ല. സെപ്റ്റംബര്‍ 15ഓടെ കല്‍ക്കരി ക്ഷാമം പരിഹരിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും സ്ഥിതി പൂര്‍ണമായി മെച്ചപ്പെട്ടിട്ടില്ല. കല്‍ക്കരി ലഭ്യതയിലെ കുറവ് താപവൈദ്യുത നിലയങ്ങളിലെ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതമായ 1600 മെഗാവാട്ടിലും കുറവുണ്ടായിട്ടുണ്ട്. കൂടുതല്‍ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെങ്കിലും നിലവിലെ ക്ഷാമം തുടരുകയാണ്. ഇതിനിടെ, ഇന്നലെ കേരളത്തിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4564 മെഗാവാട്ടായിരുന്നു. ആകെ വൈദ്യുതി ഉപയോഗം 94.08 ദശലക്ഷം യൂണിറ്റും രേഖപ്പെടുത്തി.