പവര്‍കട്ട്; കൊച്ചിയില്‍ കെഎസ്ഇബി ഓഫിസ് അടിച്ചുതകര്‍ത്ത് യുവാവ്.കെഎസ്ഇബി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി
എറണാകുളം: കൊച്ചിയില്‍ കെഎസ്ഇബി ഓഫീസില്‍ ഗുണ്ടാ ആക്രമണം. ഫോര്‍ട്ട് കൊച്ചിയിലെ കെഎസ്ഇബി ഓഫിസ് യുവാവ് അടിച്ച് തകര്‍ത്തു.
രാത്രിയിലെ പവര്‍കട്ട് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. കെഎസ്ഇബി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് ജീവനക്കാര്‍ പരാതിക്കൊപ്പം കൈമാറിയിരുന്നത്.
നിലവില്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഉടന്‍ തന്നെ ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. അതേസമയം പവര്‍കട്ട് തുടരാതെ മറ്റ് വഴികളില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കഴിഞ്ഞദിവസം പലതവണയായി ഒന്നരമണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലത്തെ മാത്രം വൈദ്യുതി ഉപയോഗം 91.78 ദശലക്ഷം യൂണിറ്റാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗമാണിത്.
വൈദ്യുതി ആവശ്യകതയില്‍ 500 മെഗാവാട്ടിന്റെ വര്‍ധനയാണുണ്ടായത്. മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്.
ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ഹ്രസ്വകാല കരാറ് വഴി വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമീഷന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഈ വൈദ്യുതി ഉടന്‍ ലഭിക്കില്ല.