പവര്‍കട്ടിന് പൂട്ട്! 30 രൂപ വരെ നല്‍കി കറന്റ് വാങ്ങി പ്രതിസന്ധി പരിഹരിക്കും; കാലാവസ്ഥയിലുണ്ടായ മാറ്റം ഉപഭോഗം വര്‍ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം:സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ യൂണിറ്റിന് 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തുവെന്നും, കാലാവസ്ഥയിലുണ്ടായ മാറ്റം ഉപഭോഗം വര്‍ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
എന്‍ടിപിസിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി സിഎംഡി സെപ്റ്റംബര്‍ 14- ന് ചര്‍ച്ച നടത്തും. കടമ്പകള്‍ കുറവെന്നതിനാല്‍ എന്‍ടിപിസി മുന്‍ഗണനയിലുണ്ടെങ്കിലും ഇത് അവസാന ഓപ്ഷനല്ല.
ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്ന സാമ്പത്തിക ബാധ്യത പൂര്‍ണ്ണമായി ജനങ്ങളില്‍ ഒഴിവാക്കാനാകില്ലെങ്കിലും, അടിയന്തര സാഹചര്യം മറികടക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
അധിക വൈദ്യുതി സാധ്യത തേടി ഫിനാന്‍സ് ഡയറക്ടര്‍ ആര്‍. ബിജു, സിസ്റ്റം ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബി. ശിവദാസ് എന്നിവരടങ്ങിയ കെഎസ്ഇബി സംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കെഎസ്ഇബി സിഎംഡി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അന്തിമ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യും.