വൈദ്യുതി പ്രതിസന്ധി: ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി. ഒക്ടോബര്‍ മുതല്‍ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി. കെഎസ്ഇബിയുടെ കരാറുകള്‍ മുഴുവന്‍ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ പീക്ക് ടൈമില്‍ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കി.
അതേസമയം ഈ മാസത്തെ നിയന്ത്രണം ഒഴിവാകില്ല. വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം പറയുന്നത്. കേരളത്തില്‍ പുതിയ വൈദ്യുത പദ്ധതികള്‍ വരേണ്ട സമയം അതിക്രമിച്ചെന്നും , മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങുന്നത് പോലെയല്ല വൈദ്യുതി വാങ്ങുന്നതെന്നും എം ജി രാജമാണിക്യം പറഞ്ഞു.
പീക്ക് സമയങ്ങളില്‍ വൈദ്യുതി ആവശ്യകത കൂടാന്‍ കാരണം എസി ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങുമാണെന്ന് എം ജി രാജമാണിക്യം പറഞ്ഞു. വൈകിട്ട് ആറുമണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ എസി ഉപയോഗിക്കാതെ സഹകരിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍ ആഹ്വാനം ചെയ്യുന്നു.