സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ് ഷെഡ്ഡിങ്ങും നിയന്ത്രണങ്ങളും തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്

 
Sunny joseph


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പവര്‍ കട്ടുകള്‍ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായ 250 മെഗാവാട്ട് വൈദ്യുതി പകല്‍ സമയത്തായതിനാല്‍ കേരളത്തിന് അതുകൊണ്ട് വലിയ പ്രയോജനമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

 പകല്‍ സമയം ലഭിക്കുന്ന വൈദ്യുതി ഈ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും, രാത്രിയിലെ ഉയര്‍ന്ന ഉപഭോഗം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പരിഹാരം കാണാനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

 അതേസമയം, റിപ്പോര്‍ട്ടര്‍ ടിവിയിലെ പൊലീസ് റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറി. മുഖ്യമന്ത്രി ഇതിനകം വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് ഇക്കാര്യത്തില്‍ തനിക്കും പറയാനുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയര്‍ന്നതിനെ തുടര്‍ന്ന് ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് അനിവാര്യമായിരിക്കുന്നത്. നിലവില്‍ വൈകീട്ട് 6.15 മുതല്‍ രാത്രി 12.45 വരെയാണ് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് നടപ്പിലാക്കുന്നത്. 

ഈ പ്രതിസന്ധിക്ക് തടയിടാന്‍ ലക്ഷ്യമിട്ട് അടുത്ത മാസം മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പീക്ക് സമയത്തെ ആവശ്യങ്ങള്‍ക്കായി 600 മെഗാവാട്ടിനും, രാത്രി 12 മുതല്‍ രാവിലെ വരെയുള്ള സമയത്തേക്ക് 900 മെഗാവാട്ടിനും കെഎസ്ഇബി ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്.


കൂടാതെ രാത്രിയും പകലുമായി 300 മെഗാവാട്ടിനും ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഡിസംബര്‍ വരെയുള്ള മറ്റ് മാസങ്ങളിലും സമാനമായ രീതിയിലാണ് ടെന്‍ഡറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 

ഇതിന്റെ പകുതിയെങ്കിലും ലഭിച്ചാല്‍ പ്രതിസന്ധിയെ ഒരു പരിധി വരെ അതിജീവിക്കാമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. അടുത്ത മാസം പീക്ക് സമയത്തേക്ക് 588 മെഗാവാട്ടിന് രണ്ട് ഘട്ടങ്ങളിലായി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.

 ജൂലൈ വരെ രാവും പകലുമായുള്ള 200 മെഗാവാട്ടിന്റെ അനുമതിയും ഇതിനകം ലഭിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയ കടം ഈ മാസത്തോടെ തീരുന്നതിനാല്‍ ആ 250 മെഗാവാട്ട് വൈദ്യുതി കൂടി ഇവിടെ ഉപയോഗിക്കാമെന്നത് കെഎസ്ഇബിക്ക് ചെറിയൊരു ആശ്വാസമാണ്.

Tags

Share this story

From Around the Web