സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി: ഇന്നലെയും ലോഡ് ഷെഡിങ്; ഈ മാസം മുഴുവന്‍ നിയന്ത്രണം തുടര്‍ന്നേക്കും
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നലെ പലയിടങ്ങളിലും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്നതായി കെഎസ്ഇബി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നതാണ് കേരളത്തിന് തിരിച്ചടിയായത്. ഇതിന് പുറമെ ഗ്രിഡ് ഫ്രീക്വന്‍സി കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുഴുവനും വൈദ്യുതി പ്രതിസന്ധി തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതിസന്ധി പരിഹരിക്കാന്‍ ന്യൂക്ലിയാര്‍ പവര്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തിയ കെഎസ്ഇബി ചെയര്‍മാന്‍ കേരളത്തില്‍ തിരിച്ചെത്തിയെങ്കിലും അധിക വൈദ്യുതി എത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ ധാരണയായിട്ടില്ല. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി രണ്ട് കെഎസ്ഇബി ഡയറക്ടര്‍മാര്‍ ഇപ്പോഴും ഡല്‍ഹിയില്‍ തുടരുകയാണ്. വരുന്ന ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.