മലപ്പുറത്തെ ഒമ്പതാം ക്ലാസുകാരിയുടെ വിവാഹത്തിന് പിന്നിൽ ദാരിദ്ര്യം. പത്തായക്കലിലെ ശൈശവ വിവാഹത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. വരനും വീട്ടുകാർക്കും എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരും ചടങ്ങിൽ പങ്കെടുക്കാനെത്തിയവരും കേസിൽ പ്രതികളാണ്. ഇപ്പോഴിതാ, സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
അതിദാരിദ്ര്യം കാരണമാണ് ഒമ്പതാം ക്ലാസുകാരിയെ വിവാഹം കഴിപ്പിച്ചയക്കാൻ വീട്ടുകാർ തീരുമാനിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മലപ്പുറം മാറാക്കര മരവട്ടം പത്തായക്കലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ വിവാഹ നിശ്ചയമാണ് പൊലീസ് എത്തി തടഞ്ഞത്.
ഇന്നലെയായിരുന്നു പതിനാലുവയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്.
ഇതിനായി വരൻറെ വീട്ടുകാരും ചില ബന്ധുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തി.
വിവരമറിഞ്ഞെത്തിയ കാടാമ്പുഴ പൊലീസ് ചടങ്ങ് തടയുകയും കേസെടുക്കുകയുമായിരുന്നു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹമുറപ്പിക്കൽ നടക്കുന്നുവെന്നറിഞ്ഞ് സമീപത്തെ ഒരു സാമൂഹ്യ പ്രവർത്തക ഇടപെട്ടിരുന്നു.
രണ്ട് ദിസവം മുമ്പ് സാമൂഹ്യപ്രവർത്തക പെൺകുട്ടിയുടെ വീട്ടിലെത്തി ഇത് നിയമവിരുദ്ധമാണെന്നും പിൻമാറണമെന്നും പറഞ്ഞിരുന്നു.
എന്നാൽ, പെൺകുട്ടിയുടെ വിവാഹം നടത്താനുള്ള തീരുമാനത്തിൽ വീട്ടുകാർ ഉറച്ചുനിന്നു.
സാമ്പത്തിക പ്രയാസത്തിലാണെന്നും പിതാവ് സംരക്ഷിക്കാനില്ലാത്ത കുട്ടിയെ വേഗത്തിൽ വിവാഹം ചെയ്തു വിടുകയല്ലാതെ മറ്റ് വഴിയില്ലെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്.
പ്രായപൂർത്തിയായ പ്രതിശ്രുത വരൻ കൂലിപണിക്കാരനാണ്. നന്നായി പഠിക്കുന്ന പെൺകുട്ടിക്ക് ഇപ്പോൾ വിവാഹത്തോട് താത്പര്യമുണ്ടായിരുന്നില്ല.
അത് വീട്ടുകാരെ അറിയിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. അമ്മ നിർബന്ധിച്ചപ്പോൾ വിവാഹത്തിന് സമ്മതിച്ചെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. പഠിക്കണമെന്നും സഹായിക്കണമെന്നും പെൺകുട്ടി പൊലീസിനോട് ആവശ്യപെട്ടു.
പൊലീസ് അറിയിച്ചതനുസരിച്ച് സിഡബ്ല്യൂസി പ്രവർത്തകരെത്തി കുട്ടിയെ ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രമായ സ്നേഹിതയിലേക്ക് മാറ്റി.